ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും നെടിയിരുപ്പ്  ഗവ. മാപ്പിള എൽ.പി സ്‌കൂൾ വാടക കെട്ടിടത്തിൽ 

നെടിയിരുപ്പ് ഗവ. മാപ്പിള എൽ.പി സ്‌കൂൾ

കൊണ്ടോട്ടി -69 അവകാശികളുളള ഒന്നേകാൽ നൂറ്റാണ്ട് പഴക്കമുളള സർക്കാർ സ്‌കൂൾ കെട്ടിടം വാടക കെട്ടിടത്തിൽ നിന്ന് ശാപമോക്ഷം തേടുന്നു. മലപ്പുറം വിദ്യാഭ്യസ ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലക്ക് കീഴിൽ പ്രവർത്തിക്കുന്ന നെടിയിരുപ്പ് ഗവ.മാപ്പിള എൽ.പി.സ്‌കൂളാണ് സ്ഥിരം സ്ഥലവും കെട്ടിടവുമില്ലാതെ വാടക കെട്ടിടത്തിൽ ദുരിതത്തിൽ കഴിയുന്നത്.
ഒത്തുപളളിയായി തുടങ്ങിയ സ്ഥാപനം പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് ഏകാധ്യാപക സ്‌കൂളായി മാറ്റി. 1940 കളിൽ മലബാർ സെൻട്രൽ ബോഡിന് കീഴിലായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെടുത്ത രേഖകളിൽ നിന്ന് വ്യക്തമാവുന്നു. കോഴിക്കോട്-പാലക്കാട് ദേശീയ പാതയോരത്ത് കൊട്ടൂക്കരയിൽ 18 സെന്റിലാണ് ഓടുമേഞ്ഞ കെട്ടിടം പ്രവർത്തിക്കുന്നത്. ഒന്നുമുതൽ 4 വരെ ക്ലാസുകളിലായി 112 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കാലപ്പഴക്കത്താൽ തകർച്ചാ ഭീഷണി നേരിടുന്ന സ്‌കൂൾ കെട്ടിടത്തിൽ മതിയായ ക്ലാസ് മുറികളോ, സ്റ്റാഫ്, ലൈബ്രറിയോ ഇല്ല. കളിമുറ്റവും, ശൗച്യാലയവും നാട്ടുകാരുടേയും പി.ടി.എയുടേയും സഹായത്തോടെ ഒരുക്കിയതാണ്.
  പഠന മുറികൾ സ്മാർട്ട് മുറികളാവുന്ന കാലഘട്ടത്തിലാണ് അനുവദിച്ചു കിട്ടിയ കംപ്യൂട്ടറുകൾ സൂക്ഷിക്കാൻ പോലും ഇടമില്ലാതെ വാടക കെട്ടിടത്തിൽ സ്‌കൂളുകൾ പ്രവർത്തിക്കുന്നത്. നീണ്ട ഹാളിൽ താൽക്കാലിക മറ വെച്ച് വേർതിരിച്ചാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്. സ്വന്തമായി കെട്ടിടങ്ങളിലില്ലാത്തതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നോ, എസ്.എസ്.എയിൽ നിന്നോ ഫണ്ട് അനുവദിച്ച് കിട്ടുകയില്ല. അതിനാൽ കാലപ്പഴക്കത്താൽ ജീർണ്ണിച്ച കെട്ടടങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് വരെ പി.ടി.എ ഫണ്ട് കണ്ടെത്തേണ്ട ഗതികേടാണ്. സ്‌കൂളിന് സൗണ്ട് സിസ്റ്റം പ്രദേശത്തെ കെ.എം. സി.സി സംഘടന വാങ്ങി നൽകിയതാണ്.
സ്ഥിരം കെട്ടിടമെന്ന ആവശ്യവുമായി നിരവധി തവണ അധികൃതരെ കണ്ടെങ്കിലും സ്‌കൂളിന് 68 അവകാശികളുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. വാടക പിരിക്കാൻ ഇവരാരും എത്താറുമില്ല. ഇവരയെല്ലാം അനുനയിപ്പിച്ച് സ്‌കൂളിന് സ്ഥലവും കെട്ടിടവും നേടിയെടുക്കാനുളള ശ്രമം തുടങ്ങിയിട്ടും കാലങ്ങളായി. പഠന-പാഠ്യേതര നിലയിൽ ഉപജില്ലയിൽ മുന്നിട്ടു നിൽക്കുന്ന സ്‌കൂളായിട്ടും സ്ഥിരം കെട്ടിടവും സ്ഥലവും കണ്ടെത്താൻ കഴിയാതെ വരികയാണ്.

Latest News