മുംബൈ- സുഹൃത്തിനെ കൊലപ്പെടുത്തി തുണ്ടംതുണ്ടമാക്കി ടോയ്ലെറ്റില് ഫ്ളഷ് ചെയ്ത ദാരുണ സംഭവം ഒരാഴ്ചയ്ക്കു ശേഷം പുറത്തായി. ഒരാഴ്ച മുമ്പ് കാണാതായ ഗണേഷ് വിത്തല്‍ കോല്ഹത്ക്കര് (58) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സുഹൃത്ത് പിന്റുവാണ് പ്രതി. കടംവാങ്ങിയ ഒരു ലക്ഷം രൂപ തിരികെ നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപതാകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മുംബൈയ്ക്കടുത്ത വിരാറിലെ ബച്രാജ് പാരഡൈസ് ഹൗസിങ് സൊസൈറ്റിയില്‍ ഒരാഴ്ച മുമ്പാണ് സംഭവം. ഇവിടെ സെപ്റ്റിക് ടാങ്കിലേക്കുള്ള ഡ്രൈനേജ് അടഞ്ഞതിനെ തുടര്‍ന്ന് നടത്തിയ ശുചീകരണത്തിനിടെ തൊഴിലാളികള്‍ക്ക് മനുഷ്യമാംസം ലഭിച്ചതാണ് കൊലപാതകം വെളിച്ചത്തു കൊണ്ടു വരുന്നതില്‍ നിര്‍ണായകമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിന്റുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
വിവാഹത്തിനൊരുങ്ങുകയായിരുന്ന കൊല്ഹത്ക്കറെ പിന്റു, ഫര്‍ണിച്ചറുകള്‍ മാറ്റാനെന്ന വ്യാജേന തന്റെ വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഇരുവരും ഒന്നിച്ചു മദ്യപിച്ചു. ശേഷമാണ് പിന്റു കോല്ഹത്ക്കറെ കൊലപ്പെടുത്തിയത്. തെളിവുനശിപ്പിക്കാനായി മൃതദേഹം തുണ്ടംതുണ്ടമാക്കി ടോയ്ലെറ്റില് ഫ്ളെഷ് ചെയ്തു. എല്ലുകള്‍ ട്രെയ്നില്‍ നിന്നും വിജനമായ സ്ഥലത്തേക്ക് എറിഞ്ഞു കളഞ്ഞതായും പ്രതി പറഞ്ഞു. കൊല്ഹത്ക്കറെ കാണാനില്ലെന്നു കാണിച്ച് കുടുംബം നല്കിയ പരാതിയില്‍ പോലീസ് തിരച്ചില്‍ നടത്തി വരുന്നതനിടെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്.






