Sorry, you need to enable JavaScript to visit this website.

ശബരിമല കയറിയവരില്‍ യുവതികള്‍ 17 മാത്രം

തിരുവനന്തപുരം- ശബരിമല ദര്‍ശനം നടത്തിയതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ യുവതികള്‍ 17 പേര്‍ മാത്രം. ആദ്യം നല്‍കിയ പട്ടികയില്‍ 51 പേരുടെ പട്ടികയില്‍ പുരുഷന്‍മാരും 50 വയസ്സുകഴിഞ്ഞവരും ഉള്‍പ്പെട്ടത് വിവാദമായതിനു പിന്നാലെയാണ്  വീണ്ടും പരിശോധിച്ചത്.

നിലവിലെ പട്ടികയില്‍നിന്ന് 34 പേരെ ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ള ഉന്നത സമിതി ശുപാര്‍ശചെയ്തു. സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ നാലു പുരുഷന്‍മാരും 50 വയസ്സിനുമേല്‍ പ്രായമുള്ള 30 സ്ത്രീകളും ഉള്‍പ്പെട്ടുവെന്നാണ് സമിതി കണ്ടെത്തിയത്. ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരാണ് സമിതിയിലുള്ളത്.

വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത 51 യുവതികള്‍ മലകയറിയെന്ന് കാണിച്ചാണ് സര്‍ക്കാര്‍ പട്ടിക സമര്‍പ്പിച്ചിരുന്നത്. ഇവരുടെ ആധാര്‍ നമ്പറും ഫോണ്‍ നമ്പറും ഇതിലുണ്ടായിരുന്നു. എന്നാല്‍ പട്ടികയിലെ പലരും 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തിടുക്കവും അംലഭാവുമാണ് അബദ്ധ പട്ടികക്കു കാരണമെന്നാണ് വിലയിരുത്തല്‍.

 

Latest News