പാലക്കാട്- ആലത്തൂരില്‍ സി.പി.എം നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം. സി.പി.എം കണ്ണമ്പ്ര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും വടക്കഞ്ചേരി ഏരിയാ കമ്മിറ്റിയംഗവുമായ മഞ്ഞപ്ര വാലിപ്പറമ്പ് എം.കെ.സുരേന്ദ്രനെ (46) യാണ് ആലത്തൂര്‍ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിനു ശേഷം താലൂക്കോഫീസിനു മുന്നിലൂടെ ഓടിയ പ്രതി കണ്ണമ്പ്ര കുന്നങ്കാട് വീട്ടില്‍ ശിവദാസന്‍ (39) ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ കത്തിയുമായി കീഴടങ്ങി. തലയിലും മുഖത്തും കഴുത്തിലും ഗുരുതരമായി വെട്ടേറ്റ സുരേന്ദ്രനെ തൃശൂര്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരായി സുരേന്ദ്രന്‍ മടങ്ങുമ്പോഴായിരുന്നു ആക്രമണം. കോടതി വളപ്പില്‍ വെച്ചിരുന്ന സ്‌കൂട്ടറെടുത്ത് പുറത്തേക്കു കടക്കുന്നതിന് ഗേറ്റിനു സമീപത്തെത്തിയപ്പോള്‍ ശിവദാസന്‍ ഓടിവന്ന് സ്‌കൂട്ടര്‍ ചവിട്ടിമറിച്ച ശേഷം വെട്ടുകയായിരുന്നുവെന്ന് സുരേന്ദ്രനോടൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു. വീണുപോയ സുരേന്ദ്രന്റെ തലയിലും മുഖത്തുമാണ് വെട്ടേറ്റത്. എഴുന്നേറ്റ് ഓടാന്‍ ശ്രമിക്കുന്നതിനിടെയാണ് വലതു ചെവിക്കു താഴെ കഴുത്തിനു വെട്ടേറ്റത്. കോടതിയില്‍ വന്നവരും അഭിഭാഷകരും ഓടിയെത്തിയപ്പോഴേക്കും ശിവദാസന്‍ കോടതി വളപ്പിലൂടെ താലൂക്കോഫീസ് വളപ്പിലേക്ക് ഓടി. സുരേന്ദ്രനൊപ്പം വന്നവര്‍ പിന്നാലെ എത്തിയപ്പോഴേക്കും ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ ഓടിക്കയറി.
സംഭവം അറിഞ്ഞ് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് സറ്റേഷനു സമീപം തടിച്ചുകൂടിയത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. ഡിവൈ.എസ്.പി. വി.എ. കൃഷ്ണദാസ്, സി.ഐമാരായ കെ.എ. എലിസബത്ത് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സ്റ്റേഷനുകളില്‍ നിന്നായി വന്‍ പോലീസ് സന്നാഹം സ്ഥിതിഗതികള്‍ നേരിടാനെത്തി. കെ.ഡി.പ്രസേനന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിരിച്ചുവിട്ടു.
തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന സുരേന്ദ്രന്‍ വെന്റിലേറ്ററിലാണ്. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍, പി.കെ.ബിജു എം.പി. തുടങ്ങിയവര്‍ ആശുപത്രിയിലെത്തി.
ശിവദാസന്‍ ആര്‍.എസ്.എസ്-ബി.ജെ.പി. പ്രവര്‍ത്തകനാണെന്നും വധശ്രമം സംഘ്പരിവാര്‍ ഗൂഢാലോചനയാണെന്നും ഇവര്‍ ആരോപിച്ചു. ശിവദാസും സുരേന്ദ്രനുമായി വ്യക്തിപരമായി പ്രശ്‌നമാണുള്ളതെന്നാണ് സംഘ്പരിവാര്‍ നിലപാട്. ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാവും അഭിഭാഷകയുമായ ഷീജയെ ആക്രമിച്ച കേസിലും കണ്ണമ്പ്രയില്‍ ഡി.വൈ.എഫ്.ഐ നേതാവ് രതീഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് ഇയാള്‍. അഭിഭാഷകയെ ആക്രമിച്ച കേസിലെ മുഖ്യ സാക്ഷി സുരേന്ദ്രനായിരുന്നു. ഇതിലുള്ള വൈരാഗ്യവും ശിവദാസിനുണ്ടായിരുന്നതായി പോലീസ് പറയുന്നു.
ആലത്തൂര്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.