റിയാദ് - ബ്രസീലിൽനിന്നുള്ള കോഴിയിറച്ചി ഇറക്കുമതി സൗദി അറേബ്യ നിർത്തിവെക്കുന്നു. ബ്രസീലിലെ 33 കോഴിയിറച്ചി ഫാക്ടറികൾക്ക് അനുവദിച്ച ലൈസൻസ് സൗദി അറേബ്യ റദ്ദാക്കി. ഇതോടെ ബ്രസീലിലെ ഏറ്റവും വലിയ കോഴി കയറ്റുമതി കമ്പനിയായ ബി.ആർ.എഫിന്റെ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. മറ്റൊരു പ്രധാന കോഴി കയറ്റുമതി കമ്പനിയായ ബ്രസീൽ ഫുഡ്സ്റ്റഫ് കമ്പനി ഓഹരികൾ രണ്ടു ശതമാനവും ഇടിഞ്ഞു.
സൗദിയിലേക്ക് കോഴിയിറച്ചി കയറ്റുമതിക്ക് 58 ബ്രസീൽ കമ്പനികൾക്ക് ലൈസൻസുണ്ട്. ഇതിൽ 33 ലൈസൻസുകളാണ് റദ്ദാക്കിയിരിക്കുന്നത്. 25 ലൈസൻസുകൾ റദ്ദാക്കിയിട്ടില്ലെന്ന് ബ്രസീൽ ഇറച്ചി വ്യാപാര മേഖലക്ക് മേൽനോട്ടം വഹിക്കുന്ന അനിമൽ പ്രോട്ടീൻ അസോസിയേഷൻ പറഞ്ഞു. എത്ര ബ്രസീൽ കമ്പനികൾ സൗദിയിലേക്ക് കോഴിയിറച്ചി കയറ്റി അയക്കുന്നുണ്ടെന്ന് അസോസിയേഷൻ വക്താവ് വ്യക്തമാക്കിയില്ല. ബ്രസീലിൽനിന്ന് ഏറ്റവും കൂടുതൽ കോഴിയിറച്ചി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. സാങ്കേതിക കാരണങ്ങളാലാണ് 33 കമ്പനികൾക്കുള്ള ലൈസൻസ് സൗദി അറേബ്യ റദ്ദാക്കിയത്. ലൈസൻസുകൾ പുനഃസ്ഥാപിക്കുന്നതിന് തിരുത്തൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അസോസിയേഷൻ വക്താവ് പറഞ്ഞു.
ബ്രസീലിൽനിന്നുള്ള കോഴിയിറച്ചി കയറ്റുമതി കമ്പനികൾക്കുള്ള ലൈസൻസ് റദ്ദാക്കിയ കാര്യം സൗദി അറേബ്യ, ബ്രസീൽ ഗവൺമെന്റിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കോഴിയിറച്ചി പേക്കിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട ചില വിയോജിപ്പുകളാണ് വിലക്കിന് കാരണമെന്നാണ് കരുതുന്നത്. പ്രാദേശികമായി കോഴി ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനും സൗദി അറേബ്യ ശ്രമിക്കുന്നുണ്ട്.
ഇസ്രായിൽ തലസ്ഥാനമായ ടെൽഅവീവിൽ പ്രവർത്തിക്കുന്ന ബ്രസീൽ എംബസി ജറൂസലമിലേക്ക് മാറ്റുന്നതിനുള്ള തീരുമാനമാകാം ബ്രസീലിൽനിന്നുള്ള കോഴി ഇറക്കുമതി നിർത്തിവെക്കുന്നതിന് സൗദി അറേബ്യയെ പ്രേരിപ്പിച്ച കാരണമെന്ന് കരുതുന്നതായി ബ്രസീൽ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം സൗദി അറേബ്യ ബ്രസീലിൽനിന്ന് 4,33,500 ടൺ കോഴിയിറച്ചി ഇറക്കുമതി ചെയ്തതായാണ് കണക്ക്. ബ്രസീലിന്റെ കോഴിയിറച്ചി കയറ്റുമതിയുടെ പന്ത്രണ്ടു ശതമാനമാണിത്.






