ഹെലിക്കോപ്റ്ററുകള്‍ ബി.ജെ.പി ബുക്ക് ചെയ്തു; വെട്ടിലായി കോണ്‍ഗ്രസ്

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ബി.ജെ.പി മുഴുവന്‍ ഹെലിക്കോപ്റ്ററുകളും ബുക്ക് ചെയ്തിരിക്കയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തങ്ങളുടെ നേതാക്കള്‍ക്ക് സഞ്ചരിക്കാന്‍ കോപ്റ്ററുകള്‍ കിട്ടാനില്ലെന്നാണ് കോണ്‍ഗ്രസിന്റെ പരാതി.
ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അവിഭാജ്യ ഘടകമാണ് ചാര്‍ട്ടേഡ് വിമാനങ്ങളും കോപ്റ്ററുകളും. പ്രധാനമന്ത്രി മോഡി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കള്‍ ദിവസം ഒന്നിലേറെ റാലികളില്‍ പങ്കെടുക്കാന്‍ എത്താറുള്ളത് ഹെലിക്കോപ്റ്ററുകളിലാണ്.
സാധാരണഗതിയില്‍ 45 ദിവസത്തേക്കാണ് രാജ്യത്ത് ലഭ്യമായ ഹെലിക്കോപ്റ്ററുകള്‍ ബുക്ക് ചെയ്യാറുള്ളതെങ്കിലും ബഹുഭൂരിഭാഗം കോപ്റ്ററുകളും ബി.ജെ.പി 90 ദിവസത്തേക്ക് ബുക്ക് ചെയ്തിരിക്കയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
മേയില്‍ നടക്കുമെന്ന് കരുതുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി എല്ലാവിഭവങ്ങളും കൈക്കലാക്കുകയാണെന്ന് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ആനന്ദ് ശര്‍മ പറഞ്ഞു. വിഭവങ്ങളെ നൂറിന്റെ തോതില്‍ കണക്കാക്കിയാല്‍ 90 ശതമാനവും ബി.ജെ.പിയുടെ കൈയിലാണെന്നും അവര്‍ക്കാണ് പണവും സ്വാധീനവുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നുണ യന്ത്രമാണെന്ന് ആരോപിച്ച് ബി.ജെ.പി ഇക്കാര്യങ്ങള്‍ നിഷേധിച്ചു.

 

Latest News