ചട്ടം: ലംഘനവും ശിക്ഷയും

മണമ്പൂർ രാജൻ ബാബുവിന്റെ കഥക്കോ എന്റെ പുസ്തകത്തിനോ നേരിട്ട ദുർഗതി ജേക്കബ് തോമസിനുണ്ടായില്ല.
ബാബുവിന്റെ കഥ തമസ്‌ക്കരിച്ചില്ല, ചട്ടലംഘനമാണെന്നു പോലീസ് വിധിയെഴുതിയപ്പോഴും.  ഏതു ചട്ടം എവിടെ 
ലംഘിച്ചുവെന്ന് സ്ഥാപിക്കുന്നതിനു മുമ്പ് എന്റെ പുസ്തകം നിരോധിക്കപ്പെട്ടു.  പതിനാലു ചട്ടലംഘനം നടത്തിയിട്ടും 
ജേക്കബ് തോമസിനെതിരെ ഒരിലയും അനങ്ങിയില്ല.

പതിനാലിടത്ത് ചട്ടം ലംഘിച്ചിരിക്കുന്നു അവധിയിൽ കഴിയുന്ന വിജിലൻസ് മുൻ മേധാവി ജേക്കബ് തോമസിന്റെ ആത്മകഥ എന്നാണ് ചീഫ് സെക്രട്ടറിയുടെ കണ്ടുപിടുത്തം. ചീഫ് സെക്രട്ടറിയുടെ, അതായത്, സർക്കാരിന്റെ, അനുമതി ഉണ്ടായിരുന്നില്ല പുസ്തകം അച്ചടിക്കുമ്പോൾ.  ചീഫ് സെക്രട്ടറി പുസ്തകം വായിച്ചു തീരും മുമ്പേ നിയമസെക്രട്ടറി അതു കൂലങ്കഷമായി പരിശോധിച്ചു. ചില 'നിയമപ്രശ്‌നങ്ങൾ ഉണ്ട്' എന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.  അതു മനസ്സിലായതോടെ മുഖ്യമന്ത്രിയുടെ തീരുമാനമായി:  പുസ്തകം പ്രകാശനം ചെയ്യാൻ താൻ വേണ്ട.  
 വിജിലൻസ് മേധാവിയായിരുന്നപ്പോൾ താൻ മനസ്സിലാക്കിയ ചില കാര്യങ്ങളെപ്പറ്റിയും അവയിൽ ഉൾപ്പെട്ട ആളുകളെപ്പറ്റിയും ജേക്കബ് തോമസ് ചിലതൊക്കെ എഴുതിവിട്ടതിൽ അത്ഭുതമില്ല.  പരാമർശത്തിനു വിധേയരായവർ വമ്പന്മാരായത് കൊണ്ടും മറ്റാർക്കും അറിയില്ലെന്നു വെക്കേണ്ട കാര്യങ്ങൾ ആദ്യമായി വെളിപ്പെടുത്തുന്നു എന്ന ധാരണ പരന്നത് കൊണ്ടും പുസ്തകം തലക്കെട്ടുകളിലേക്ക് കയറിയതിലും അത്ഭുതമില്ല.  എനിക്ക് അത്ഭുതമായി തോന്നിയ രണ്ടു കാര്യങ്ങൾ സൂചിപ്പിക്കാം.  ഒന്ന്, സ്രാവുകളോടൊപ്പം നീന്തുമ്പോൾ ജേക്കബ് തോമസ് മനസ്സിലാക്കിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇത് വരെ ഒരാളും കോടതിയുടെയോ തടവറയുടെയോ അഴി കണ്ടിട്ടില്ല.  സ്രാവുകൾക്ക് മറ്റു തരത്തിൽ മുറിവേറ്റുവെന്നു മാത്രം.  രണ്ടാമത്തെ കാര്യം:  പതിനാലിടത്ത് ചട്ടം ലംഘിച്ചിട്ടും നടപടിയൊന്നുമില്ല.
 പണ്ടൊരാൾ ചട്ടം ലംഘിച്ച കാര്യം ഓർമ വരുന്നു.  വിഷയം ഒരു ചെറുകഥ.  കഥാകാരൻ പോലിസ് വകുപ്പിലെ ഒരു ഗുമസ്തൻ, പിന്നീട് മുപ്പത്താറുകൊല്ലം തടസ്സമില്ലാതെ 'ഇന്ന്' എന്ന മാസിക മലപ്പുറത്ത് നിന്നു ഇറക്കി പ്രസിദ്ധനായ മണമ്പൂർ രാജൻ ബാബു.  കഥയായിരുന്നു, ആത്മകഥയല്ല.  സൂക്ഷിച്ചുനോക്കിയാൽ പോലീസ് വകുപ്പ് ആയിരുന്നു കാഥികന്റെ ഉന്നം എന്നു പറയാം.  അതിനെപ്പറ്റി വാദിക്കുകയും പ്രതിവാദിക്കുകയും ചെയ്യുന്നതിനു മുമ്പ് തന്നെ കാഥികന്റെ പണി പോയി.  
 അവിടവിടെ പ്രതിഷേധം ഉണ്ടായി.  ഒരു കർമസമിതി രൂപീകരിക്കപ്പെട്ടു, കാഥികന്റെ രക്ഷക്കുവേണ്ടി.  പ്രസ്താവനകൾ ഇറങ്ങി. പിന്നെ അതൊക്കെ കെട്ടടങ്ങുമെന്ന സ്ഥിതി വന്നു.  പോലീസിന്റെ നിലപാട് കർക്കശമായിരുന്നു.  കുറ്റം എത്ര ചെറുതായാലും ശിക്ഷ പരമാവധി കടുത്തതായിരിക്കണം എന്ന മട്ടിലായിരുന്നു അവരുടെ പെരുമാറ്റം.  ദുസ്സൂചനകൾ വെച്ചുകൊണ്ട് താൻ ജോലി ചെയ്യുന്ന വകുപ്പിനെ കരി തേക്കാൻ മുതിർന്ന ജീവനക്കാരനെ ഇനി വെച്ചുപൊറുപ്പിക്കില്ലെന്നു തന്നെ പോലീസ് നിശ്ചയിച്ചു.  രാജൻ ബാബുവിനെ പിരിച്ചുവിട്ടു.  തല വെട്ടാൻ വകുപ്പില്ലായിരുന്നു.  
 രാജൻ ബാബു പ്രാർഥിക്കുന്ന കൂട്ടത്തിലല്ലെന്നു തോന്നുന്നു.  ഉപജീവനത്തിനു വഴി വേറെ കണ്ടുപിടിക്കണമെന്ന നില വന്നു. അപ്പോൾ ആരുടെയൊക്കെയോ പ്രാർഥനയുടെയും പ്രാർഥനയല്ലാത്ത പ്രവർത്തനത്തിന്റെയും ഫലമായി സർക്കാരിടപെട്ടു.  പോലീസിന്റെ കാർക്കശ്യത്തിനു വഴിപ്പെടാതെ ആഭ്യന്തരമന്ത്രി വയലാർ രവി കൽപന ഇറക്കി, രാജൻ ബാബുവിനെ തിരിച്ചെടുക്കാൻ.  എന്റെ നോട്ടത്തിൽ, താക്കീത് പോലെയെന്തെങ്കിലും ശിക്ഷയിൽ ഒതുക്കാവുന്നതായിരുന്നു ആ ചട്ടലംഘനം.  അത് ചെയ്ത ആളെ പിരിച്ചുവിടുക തന്നെ വേണം എന്ന പോലീസ് ശാഠ്യം ഇന്ന് വിലപ്പോവുമെങ്കിൽ എന്താകുമായിരുന്നു ജേക്കബ് തോമസിന്റെ സ്ഥിതി?  
 മറ്റൊരു നിയമലംഘനത്തിന്റെയും നിരോധനത്തിന്റെയും കഥ ഓർക്കട്ടെ.  ടി. എൻ. ശേഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി കത്തിനിൽക്കുന്ന കാലം -  1994. ഭരണഘടനയിൽ നിർവചിക്കപ്പെട്ടിട്ടുള്ളതാണ് ആ പദവി.  എളുപ്പത്തിൽ അതിൽനിന്നാരെയും ഇളക്കാൻ പറ്റില്ല.  ശേഷൻ സ്രാവുകളോടൊപ്പം നീന്തുക മാത്രമല്ല കൊമ്പൻ സ്രാവുകളെപ്പോലും കടത്തിവെട്ടാനുള്ള ഊറ്റം കാണിച്ചു.  മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും മാധ്യമപ്രവരന്മാരും അദ്ദേഹത്തിന്റെ അരിശത്തിന്റെ നാമവും രൂപവും കണ്ടും കേട്ടുമറിഞ്ഞു.  പക്ഷേ ഇടത്തരക്കാർക്കും പൊതുജനത്തിനും ഹരമായിരുന്നു.  വീരന്മാരെ വീഴ്ത്താൻ ഒരു മഹാവീരൻ വന്നല്ലോ.  ശേഷന്റെ ആരാധകരും ശത്രുക്കളും എന്നു രണ്ടായി ലോകം പകുക്കപ്പെട്ടു.  
 അദ്ദേഹത്തിന്റെ ഒരു കഥ തല്ലിക്കൂട്ടിയുണ്ടാക്കുന്ന ചുമതല ഞാൻ ഏറ്റത് ആ ഘട്ടത്തിലായിരുന്നു.  ശേഷന് ഉത്സാഹമായി.  പ്രസാധന സംരംഭത്തിന് അദ്ദേഹത്തിന്റെ പൂർണ സഹകരണമുണ്ടായിരുന്നു.  അതില്ലാതെ മൂന്നുനാലു മാസം കൊണ്ട് പത്തെൺപതിനായിരം വാക്കുകൾ കടലാസിൽ കേറ്റാൻ പറ്റില്ലല്ലോ.  പുറത്തുകാണുന്ന ഉപചാരത്തിന്റെയും ഔദ്യോഗികതയുടെയും ആർഭാടമൊന്നുമില്ലാതെ,   
ഞങ്ങൾ അദ്ദേഹത്തിന്റെ 'പണ്ടാര റോഡ്' സ്വീകരണമുറിയിൽ, പുറത്തെ വേപ്പുമരങ്ങളുടെ സംഗീതത്തിനു ചെവിയോർക്കാതെ, സ്രാവുകളോടൊപ്പം നീന്തുന്ന കാര്യം സംസാരിച്ചുകൊണ്ടുപോയി. 
 എനിക്കു ലംഘിക്കാൻ ചട്ടങ്ങളുണ്ടായിരുന്നില്ല. ലംഘിക്കാനും അനുസരിക്കാനും അവസരങ്ങളുള്ള സർക്കാർ ജീവനക്കാരനായിരുന്നില്ല ഞാൻ. ശേഷനാകട്ടെ, ഭരണഘടനയുടെ പിൻബലവും പദവിയുമുള്ള തെരഞ്ഞെടുപ്പ് മേധാവി.  പക്ഷേ എന്തെങ്കിലും ലംഘനവും വെളിപ്പെടുത്തലും ഉണ്ടായാലേ പുസ്തകം രസകരമാകൂ. ശേഷനോളം തന്നെ അക്കാര്യം എന്റെ പ്രസാധകനും എനിക്കും ബോധ്യമായിരുന്നു.  കാളിദാസനോ ഷേക്‌സ്പിയറോ നിലത്തിറങ്ങി പയറ്റിയാലും, അൽപം എരിവും പുളിയും വിപ്രലംഭവും അവതരിപ്പിക്കാതെ കാണികളെയും വായനക്കാരെയും സോപ്പിടാൻ പറ്റില്ല, അത്രയൊക്കെയേ ഞങ്ങളും ചെയ്തുള്ളൂ.
 പുസ്തകത്തിൽ തമിഴകത്തെ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിന്റെ ഉറവിടത്തെപ്പറ്റി ഒരു സൂചനയുണ്ടായിരുന്നു.  വെറും സൂചനയെന്നു പറഞ്ഞുകൂടാ.  പ്രക്ഷോഭം നടക്കുമ്പോൾ മധുര കലക്ടറായിരുന്നു ശേഷൻ. അമേരിക്കൻ ചാരസംഘടനയായ സി ഐ എ അതിൽ ഉൾപ്പെട്ടിരുന്നു എന്നായിരുന്നു ശേഷന്റെ അഭ്യൂഹം.  അതു മതിയായിരുന്നു തമിഴകത്ത് പ്രതിഷേധം മൂക്കാൻ.  തമിഴരെ മുഴുവൻ ആക്ഷേപിക്കുന്നതായി പരാതി ഉയർന്നു.  വെറും ചട്ടലംഘനമല്ല, അഭിമാനിയായ ഒരു ജനതയെ മുഴുവൻ ആക്ഷേപിച്ചിരിക്കുകയാണ് എന്നായിരുന്നു മുദ്രാവാക്യം.  
 ആരും ചീഫ് സെക്രട്ടറിക്കു പരാതി കൊടുത്തില്ല.  അവിടവിടെ പത്രങ്ങളിൽ പുസ്തകത്തെപ്പറ്റി റിപ്പോർട്ട്  വന്നപ്പോൾ ഭാവനാശാലിയായ മുഖ്യമന്ത്രി ജയലളിത മറ്റു പ്രക്ഷോഭകാരികളെ മുഴുവൻ പിൻതള്ളിക്കൊണ്ട് ഒരു കളി കളിച്ചു.  സൂര്യൻ അസ്തമിച്ചു കഴിഞ്ഞപ്പോൾ അവർ കോടതിയെ സമീപിച്ചു.  വീട്ടിൽ വെച്ചുതന്നെ അദ്ദേഹം ഉത്തരവായി:  പുസ്തകം പ്രകാശിപ്പിക്കരുത്.  പിറ്റേ ദിവസം കേമമായി നടത്താനിരുന്ന പ്രകാശനം - അദ്വാനി മുതലിങ്ങോട്ടുള്ളവർ പ്രസംഗിക്കാനുണ്ടായിരുന്നു - രായ്ക്കുരാമാനം വേണ്ടെന്നുവെച്ചു.  ജേക്കബ് തോമസ് ചെയ്തതു പോലെ ചടങ്ങു തന്നെ ഉപേക്ഷിക്കുകയായിരുന്നില്ല.  പ്രകാശനം ഒഴിവാക്കി ഞങ്ങൾ പുസ്തകത്തെപ്പറ്റി ചർച്ച ഏർപ്പെടുത്തി.  നാമം മാറ്റിയാൽ രൂപം മാറുമെന്നും സിദ്ധാന്തിക്കാമല്ലോ.  
 പിന്നെ പുസ്തകം മുടക്കാൻ തമിഴകത്തെ നേതാക്കൾ മൽസരമായിരുന്നു.  കാൽ നൂറ്റാണ്ടു മുമ്പ് മരിച്ചു പോയിരുന്ന അണ്ണാദുരൈയുടെ വിധവ ഉൾപ്പടെ ക്ഷുഭിതയായി കോടതിയിലെത്തി.  അന്തരിച്ചിരുന്നതുകൊണ്ട് അണ്ണയ്ക്ക് എത്താൻ പറ്റിയില്ല.  എന്നാലും കോടതി കനിഞ്ഞു.  പുറത്തിറങ്ങുന്നതിന് മുമ്പേ പുസ്തകം വിറ്റഴിയുന്നതുകണ്ട് തുള്ളിച്ചാടിയ പ്രസാധകൻ കടുത്തുരുത്തിക്കാരൻ  കെ. പി. ആർ നായർ കുണ്ഠിതനായി.  ഉള്ളം കയ്യിൽ വന്ന ഭാഗ്യം ചോർന്നപോലെയായിരുന്നു.  വിചാരണയൊന്നുമില്ലാതെ സംശയാസ്പദമായ പുസ്തകഭാഗങ്ങൾ നീക്കണമെന്നും  പുസ്തകം വിറ്റുപോയിട്ടുണ്ടെങ്കിൽ അത് തിരിച്ചു പിടിക്കണമെന്നും കോടതി നിർദ്ദേശിച്ചു.  രാജ്യത്തിന്റെ പല ഭാഗത്തും എത്തിക്കഴിഞ്ഞിരുന്ന പുസ്തകം പിടിച്ചുവാങ്ങിക്കുക മനുഷ്യനു മാത്രമല്ല കെ. പി. ആർ നായർക്കും അസാധ്യമായിരുന്നു.  
 ഞങ്ങൾ സുപ്രീം കോടതി വരെ പോയി.  ഇന്നത്തെ ധനമന്ത്രി അന്ന് ഞങ്ങൾക്കുവേണ്ടി സൗജന്യമായി ഹാജരായി.  പ്രസിദ്ധിയും വിവാദവും ഉണ്ടായെന്നല്ലാതെ ഉദ്ദേശിച്ച പോലെ വിറ്റഴിക്കാൻ പറ്റിയില്ല.  വക്കീൽമാർ പലരും അതും മുതലാക്കിയെന്നത് വേറെ കാര്യം.  അങ്ങനെ വേണമെന്നാണല്ലോ നിയമം.  മുൻപും പുസ്തകം തടയുന്നതിനെപ്പറ്റി കോടതി പലതും പറഞ്ഞിട്ടുണ്ട്.  വിജയ് ടെണ്ടുൽക്കറുടെ ഒരു മറാഠി നാടകം വലിയ ഒച്ചപ്പാടുണ്ടാക്കി.  സാധാരണക്കാരൻ വായിച്ചാൽ അശ്ലീലമെന്നു തോന്നാത്തതാണ് പുസ്തകമെന്ന് അഭിഭാഷകനായ അശോക് ദേശായി സമർഥിച്ചു.  ദേശായിയുടെ പ്രശസ്തമായ ഒരു പ്രയോഗം ഉണ്ടായിരുന്നു:  ഭാവനാസൃഷ്ടയായ ഒരു വിദ്യാർഥിനിയല്ല ഈ പുസ്തകത്തിന്റെ വായനക്കാരി. ഈ പുസ്തകം ആരെയും വഴി പിഴപ്പിക്കുന്നില്ല.  
മണമ്പൂർ രാജൻ ബാബുവിന്റെ കഥക്കോ എന്റെ പുസ്തകത്തിനോ നേരിട്ട ദുർഗതി ജേക്കബ് തോമസിനുണ്ടായില്ല.  ബാബുവിന്റെ കഥ തമസ്‌ക്കരിച്ചില്ല, ചട്ടലംഘനമാണെന്നു പോലീസ് വിധിയെഴുതിയപ്പോഴും.  ഏതു ചട്ടം എവിടെ ലംഘിച്ചുവെന്ന് സ്ഥാപിക്കുന്നതിനു മുമ്പ് എന്റെ പുസ്തകം നിരോധിക്കപ്പെട്ടു.  പതിനാലു ചട്ടലംഘനം നടത്തിയിട്ടും ജേക്കബ് തോമസിനെതിരെ ഒരിലയും അനങ്ങിയില്ല.  കോടതിയിൽ പോകാവുന്നതാണ്, ചീഫ് സെക്രട്ടറിക്ക് നടപടി എടുക്കാവുന്നതാണ്.  ഒന്നുമുണ്ടായില്ല.  അതാണ് ജേക്കബ് തോമസ് ആകുന്നതിന്റെ പ്രാധാന്യം.  
 അതിലെ തെറ്റും ശരിയും തൽക്കാലം ഇവിടെ വിസ്തരിക്കുന്നില്ല.  ഒരു കാര്യം അടിവരയിട്ടു പറയണം.  പുസ്തകത്തിലെ വിവാദഭാഗം മാറ്റുന്നില്ലെന്ന് പ്രസാധകർ പ്രസ്താവിച്ചിരിക്കുന്നു.  വിൽപന മുറക്കു നടക്കുന്നുവെന്നും രണ്ടാം പതിപ്പ് ഒരുങ്ങിക്കഴിഞ്ഞെന്നും അവർ പറയുന്നു.  
ഇതിൽപരം ഭാഗ്യം ഒരു പുസ്തകത്തിനും എഴുത്തുകാരനും വരാനുണ്ടോ?  പുസ്തകം വാങ്ങാനും വിൽക്കാനുമുള്ളതാണ്.  സൗകര്യമുള്ളപ്പോൾ വായിക്കാനും.  വിൽപനയിലാണ് അതിന്റെ ശക്തി.  നമ്മൾ പരന്ത്രീസിൽ പറയാറില്ലേ, പായസത്തിന്റെ രുചി അറിയണമെങ്കിൽ തിന്നണം.
 

Latest News