വരുന്നു, ചിപ്പ് ഘടിപ്പിച്ച ഇന്ത്യൻ പാസ്‌പോർട്ട്

പ്രവാസി ഭാരതീയ പുരസ്‌കാര പട്ടികയിൽ ഗീതാ ഗോപിനാഥും

വരാണസി- ഇന്ത്യക്കാർക്ക് ചിപ്പ് ഘടിപ്പിച്ച ഇ പാസ്‌പോർട്ടുകൾ വരുന്നു. വരാണസിയിൽ ഇന്നലെ പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൗറീഷ്യസ് പ്രധാനമന്ത്രി പർവിന്ദ് ജുഗനാത് മുഖ്യാതിഥിയായിരുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സ്വാഗതം പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി പ്രവാസി ഭാരതീയ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും.
പ്രവാസി ഭാരതീയ ദിവസിന്റെ അനൗപചാരിക തുടക്കം ഞായറാഴ്ചയായിരുന്നു. അന്ന് പ്രവാസി ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിവിധ സെഷനുകൾ നടന്നു. യുവജന സമ്മേളനത്തിൽ വിദേശ മന്ത്രി സുഷമ സ്വരാജ് പ്രസംഗിക്കുകയും ചെയ്തു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര മന്ത്രിമാരും പങ്കെടുത്തു.ചിപ്പുള്ള ഇ പാസ്‌പോർട്ടുകൾ ഒരു കേന്ദ്രീകൃത പാസ്‌പോർട്ട് വ്യവസ്ഥയിൽ കൊണ്ടുവരാനുള്ള ജോലികൾ ആരംഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എംബസികളും കോൺസുലേറ്റുകളും പാസ്‌പോർട്ട് സേവ പ്രോജക്ടുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പ്രവർത്തന ക്ഷമതയുടെ ബ്രാൻഡ് അംബാസഡർമാരാണ് പ്രവാസികൾ. കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിസന്ധി അനുഭവിച്ച രണ്ടു ലക്ഷത്തിൽ അധികം ഇന്ത്യക്കാരെ സഹായിക്കാൻ സർക്കാരിന് സാധിച്ചുവെന്നും മോഡി വ്യക്തമാക്കി. 
ഇത്തവണ പ്രവാസി ഭാരതീയ പുരസ്‌കാര പട്ടികയിൽ രണ്ടു മലയാളികളുണ്ട്. രാജ്യാന്തര നാണയനിധി (ഐ.എം.എഫ്) മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥും ഒമാനിൽനിന്നുള്ള വിനോദൻ തഴിക്കുനിയിലുമാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന മലയാളികളെന്നാണ് സൂചന. പുതിയ ഇന്ത്യയുടെ നിർമാണത്തിൽ പ്രവാസി ഇന്ത്യക്കാരുടെ പങ്ക്'എന്നതാണ് ഈ വർഷത്തെ വിഷയം.  
 

Latest News