പഠന യാത്രക്കിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെതിരെ പോക്‌സോ കേസ്

കാസര്‍കോട്- പഠന യാത്രക്കിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ അധ്യാപകനെതിരെ പോക്‌സോ നിയമ പ്രകാരം ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു. പ്രതി ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമാണ്.  പ്രതി ഒളിവില്‍ പോയതായി പറയപ്പെടുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് സ്‌കൂളിലെ അധ്യാപകന്‍ റോഷി ജോസിന്റെ പേരിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നു സി.ഐ മൊഴിയെടുത്തു.
പഠന യാത്രാ സംഘത്തില്‍ ഉണ്ടായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് സംഭവം. വീട്ടില്‍ എത്തിയ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോള്‍ ആണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ കാസര്‍കോട് വനിതാ സി.ഐ നിര്‍മ്മലക്ക് പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ വനിതാ പോലീസ് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി. പെണ്‍കുട്ടി മജിസ്ട്രേറ്റിന് രഹസ്യ മൊഴി നല്‍കി. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. അതിനിടയില്‍ ആദ്യം കേസ് അന്വേഷിച്ച പോലീസിലെ ചിലര്‍ അധ്യാപകനെ രക്ഷിക്കാന്‍ ശ്രമിച്ചതായി  ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

 

 

Latest News