മുസ്ലിം പുരുഷനും ഹിന്ദു സ്ത്രീയും തമ്മിലുള്ള വിവാഹം ക്രമവിരുദ്ധം; പക്ഷേ മക്കള്‍ക്ക് നിയമസാധുത

ന്യൂദല്‍ഹി- മുസ്ലിം പുരുഷനും ഹിന്ദു സ്ത്രീയും തമ്മിലുള്ള വിവാഹം ക്രമവിരുദ്ധമാണെങ്കിലും (ഫാസിദ്) അതില്‍ ജനിക്കുന്ന കുട്ടിക്ക് പിതാവിന്റെ സ്വത്തില്‍ അവകാശമുന്നയിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
മലയാളിയായ ഹിന്ദു സ്ത്രീ വള്ളിയമ്മയുടെ മകന്‍ ശംസുദ്ദീന്‍ പിതാവ് മുഹമ്മദ് ഇല്യാസിന്റെ സ്വത്തില്‍ അവകാശമുന്നയിച്ച് നടത്തിയ കേസിലാണ് ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
മുസ്ലിം പുരുഷന്‍ വിഗ്രഹാരാധക അല്ലങ്കില്‍ അഗ്നിആരാധകയെ വിവാഹം ചെയ്യന്നത് സാധുവോ (സഹീഹ്) അസാധുവോ (ബാത്തില്‍) അല്ലെന്നും അതൊരു ക്രമവിരുദ്ധ (ഫാസിദ്) വിവാഹം മാത്രമാണെന്നും ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍ ഫാസിദ് വിവഹങ്ങളില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് പിതാവിന്റെ സ്വത്തില്‍ പങ്ക് അവകാശപ്പെടാന്‍ അര്‍ഹതയുണ്ട്. വിഗ്രഹങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും മുമ്പില്‍ പൂക്കളും മറ്റും അര്‍പ്പിക്കുന്ന ഹിന്ദക്കള്‍ വിഗ്രഹാരാധകരാണെന്ന് ഉത്തരവില്‍ എടുത്തു പറയുന്നു. ഫാസിദ് വിവാഹത്തിലെ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യക്ക് ചെലവിന് ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും ഭര്‍ത്താവിന്റെ സ്വത്ത് ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് മുഹമ്മദന്‍ ലോയില്‍ വ്യവസ്ഥയുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം വിവാഹങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സാധുവായ വിവഹത്തിലെന്ന പോലെ പിതാവിന്റ സ്വത്ത് ലഭിക്കണമെന്നും മുഹമ്മദന്‍ ലോ വ്യക്തമാക്കുന്നു.
ശംസുദ്ദീന് സ്വത്തിന് അവകാശം ഉന്നയിക്കാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി 2007 ല്‍ കേരള ഹൈക്കോടതി തള്ളിയ കേസില്‍ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി തീര്‍പ്പാക്കിയത്. സ്വത്തില്‍ പങ്ക് അനുവദിച്ച് കൊണ്ട് 1984 ല്‍ ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവ് തള്ളക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി.
തന്റെ മാതാപിതാക്കളുടേത് സാധുവായ വിവാഹമാണെന്നും അതുകൊണ്ട് തന്നെ പിതാവിന്റെ സ്വത്തില്‍ അവകാശമുണ്ടെന്നുമാണ് ശംസുദ്ദീന്‍ വാദിച്ചത്. മുഹമ്മദ് ഇല്യാസ് വള്ളിയമ്മയെ നിയമപ്രകാരമല്ല വിവാഹം ചെയ്തതെന്നും വിവാഹ സമയത്ത് അവര്‍ ഹിന്ദുവായിരുന്നുവെന്നുമായിരുന്നു എതിര്‍വാദം. വിവാഹ സമയത്ത് വള്ളിയമ്മ ഇസ്ലാം മതത്തിലേക്ക് മാറിയിരുന്നില്ലെന്നും ഹരജിക്കാരനായ ശംസുദ്ദിന്‍ ജനിക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ് ഇല്യാസ് മരിച്ചിരുന്നുവെന്നും അവര്‍ വാദിച്ചു.

 

Latest News