തിരിച്ചറിയാന്‍ വൈകി; സൗദിയില്‍ 16 മാസത്തിനുശേഷം മലയാളിയുടെ മൃതദേഹം ഖബറടക്കി

റിയാദ്- പതിനാറ് മാസത്തോളം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ തിരിച്ചറിയാതെ കിടന്ന മലയാളിയുടെ മൃതദേഹം ഖബറടക്കി. 24 വര്‍ഷം മുമ്പ് സൗദി അറേബ്യയിലെത്തിയ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ചക്കിങ്ങല്‍ മോഹന (55)ന്റെ മൃതദേഹമാണ് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരുടെ ഇടപെടലില്‍ ബന്ധുക്കളുടെ അനുമതി പ്രകാരം മറവു ചെയ്തത്. അമീര്‍ ഫഹദ്  മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം മന്‍സൂരിയ ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം.
റിയാദ് ശിഫയില്‍ ജോലി ചെയ്യുകയായിരുന്ന മോഹനന്‍ 2017 ഒക്ടോബര്‍ അഞ്ചിന് വീഴ്ചയില്‍ പരിക്കേറ്റ് മരിച്ചെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്. ചാക്കി ഹ്‌നിന്‍ എന്ന പേരിലുള്ള ഇഖാമ കോപ്പി മാത്രമായിരുന്നു പോലീസിന്റെ പക്കലുണ്ടായിരുന്നത്. പോലീസ് എംബസിയില്‍ അറിയിച്ച പ്രകാരം എംബസി കെ.എം.സി.സി വെല്‍െഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിനെ വിഷയത്തിലിടപെടാന്‍ അനുവദിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ച ഇഖാമ കോപ്പിയില്‍ സ്‌പോണ്‍സറുടെ മൊബൈല്‍ നമ്പര്‍ ഉണ്ടായിരുന്നത് അന്വേഷണത്തിന് സഹായകമായി. സ്‌പോണ്‍സറെ വിളിച്ചന്വേഷിച്ചപ്പോഴാണ് ഒന്നര വര്‍ഷമായി ഒരു വിവരവുമില്ലെന്നും ഹുറൂബാണെന്നും വ്യക്തമായത്. സ്‌പോണ്‍സര്‍ സഹകരിക്കാന്‍ തയാറായതോടെ ഖബറടക്ക നടപടികള്‍ ദ്രുതഗതിയിലായി.
18 വര്‍ഷമായി മോഹനന്‍ നാട്ടില്‍ പോയിട്ടില്ല. ശിഫയില്‍ ജോലി ചെയ്യുന്നതിനിടെ ജാലിയാത്തില്‍ പോയി ഇസ്‌ലാം സ്വീകരിച്ചിരുന്നു. സ്‌പോണ്‍സര്‍ നല്‍കിയ പാസ്‌പോര്‍ട്ട് കോപ്പി പ്രകാരം ജവാസാത്തില്‍ നടത്തിയ അന്വേഷണത്തില്‍ പേരും പാസ്‌പോര്‍ട്ട് നമ്പറും തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. പുതുക്കിയ പാസ്‌പോര്‍ട്ടിലെ വിവരം സിസ്റ്റത്തിലേക്ക് മാറ്റിയപ്പോള്‍ മാറിയതാകാനാണ് സാധ്യത.
ഇന്ത്യന്‍ എംബസി നോര്‍ക്ക വഴിയും, സിദ്ദീഖ് തുവ്വൂര്‍ തിരുവനന്തപുരം യൂത്ത് ലീഗ് വഴിയും അന്വേഷിച്ചപ്പോഴാണ് ബന്ധുക്കളെ കണ്ടെത്തിയത്. കഴക്കൂട്ടത്ത് ഇദ്ദേഹത്തിന്റെ സഹോദരിയും രണ്ട് സഹോദരന്മാരും ജീവിച്ചിരിപ്പുണ്ട്. ഒരു സഹോദരന്‍ 13 വര്‍ഷമായി സൗദിയിലുമാണ്. ബന്ധുക്കളാണ് ഇവിടെ ഖബറടക്കുന്നതിന് അനുമതി നല്‍കിയത്. കെ.എം.സി.സി വെല്‍ഫെയര്‍ പ്രവര്‍ത്തകരായ റഫീഖ് മഞ്ചേരി, ശറഫുദ്ദീന്‍ പുളിക്കല്‍, ഫാറൂഖ് വള്ളിക്കുന്ന് തുടങ്ങിയവരും സിദ്ദീഖിനെ സഹായിക്കാന്‍ രംഗത്തുണ്ടായിരുന്നു. പാസ്‌പോര്‍ട്ട് പുതുക്കി വിവരങ്ങള്‍ ജവാസാത്ത് സിസ്റ്റത്തില്‍ മാറ്റുമ്പോള്‍ തെറ്റില്ലെന്ന് ഉറപ്പു വരുത്തിയാല്‍ ഇത്തരം ദുരനുഭവങ്ങള്‍ ഇല്ലാതാക്കാനാവുമെന്ന് സിദ്ദീഖ് പറഞ്ഞു.

 

 

Latest News