Sorry, you need to enable JavaScript to visit this website.

വിദേശ തൊഴിലാളിക്ക് ശമ്പളം നല്‍കിയില്ല; സൗദിയില്‍ സ്വകാര്യ കമ്പനിക്ക് ഒന്നരലക്ഷം റിയാല്‍ പിഴ

റിയാദ് - വിദേശ തൊഴിലാളിക്ക് വേതനം വിതരണം ചെയ്യുന്നതിന് കാലതാമസം വരുത്തിയ സ്വകാര്യ കമ്പനിക്ക് റിയാദ് ലേബർ കോടതി ഒന്നര ലക്ഷം റിയാൽ പിഴ ചുമത്തി. 
പിഴ സംഖ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവ ശേഷി വികസന നിധിയിൽ അടയ്ക്കുന്നതിന് കോടതി ഉത്തരവിട്ടു. വേതന കുടിശ്ശികയും സർവീസ് ആനുകൂല്യവും പ്രയോജനപ്പെടുത്താത്ത വാർഷിക ലീവ് ഇനത്തിലുള്ള അലവൻസുകളും അടക്കം വിദേശ തൊഴിലാളിക്ക് കമ്പനി 2,70,000 റിയാൽ നൽകണമെന്നും കോടതി വിധിച്ചു. 
മാസങ്ങളോളം വേതന വിതരണം വൈകിയതിനെ തുടർന്ന് വിദേശ തൊഴിലാളി ലേബർ കോടതിയിൽ കേസ് നൽകുകയായിരുന്നു. വേതനം ലഭിക്കാത്തതിനെ തുടർന്ന് കമ്പനിയിലെ തൊഴിൽ വിദേശി ഉപേക്ഷിച്ചിരുന്നു. തൊഴിലാളികളോടുള്ള അടിസ്ഥാന ബാധ്യതകൾ തൊഴിലുടമകൾ പാലിക്കാത്ത പക്ഷം നിയമാനുസൃത അവകാശങ്ങളെല്ലാം സംരക്ഷിച്ചുകൊണ്ടു തന്നെ നോട്ടീസ് നൽകാതെ ജോലി ഉപേക്ഷിക്കുന്നതിന് തൊഴിൽ നിയമത്തിലെ 81 ാം വകുപ്പ് തൊഴിലാളികളെ അനുവദിക്കുന്നുണ്ട്.  
യാതൊരുവിധ ന്യായീകരണവുമില്ലാതെ കരുതിക്കൂട്ടി വേതന വിതരണം വൈകിക്കുന്ന തൊഴിലുടമകൾക്ക് കുടിശ്ശിക വരുത്തിയ വേതനത്തിന്റെ ഇരട്ടിയിൽ കവിയാത്ത തുക പിഴയായി ചുമത്തുന്നതിന് തൊഴിൽ നിയമത്തിലെ 94 ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. ഇങ്ങനെ ചുമത്തുന്ന പിഴ തുക മാനവ ശേഷി വികസന നിധിയിൽ അടയ്ക്കുകയാണ് വേണ്ടത്. 
വേതന വിതരണം വൈകിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്തുന്നത് ഇത്തരം പ്രവണതകൾക്ക് തടയിടാൻ സഹായിക്കുമെന്ന് നീതിന്യായ മന്ത്രാലയം പറഞ്ഞു. വേതനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട കേസുകൾ വലിയ തോതിൽ കോടതികളിൽ എത്തുന്നതിന് തടയിടുന്നതിനും ഇതിലൂടെ സാധിക്കും. സൗദിവൽക്കരണം നടപ്പാക്കുന്നതിന് നിക്ഷേപം നടത്തുന്നതിന് മാനവ ശേഷി വികസന നിധിയുടെ വരുമാനം ഉയർത്തുന്നതിനും നിയമ ലംഘനം നടത്തുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും പിഴ ചുമത്തുന്നത് സഹായകമാകും. 
വേതന വിതരണം വൈകിച്ചാൽ കോടതികളിൽ നിയമ നടപടികൾ നേരിടേണ്ടിവരുമെന്നതും ഇത് പിഴ ചുമത്തുന്നതിലേക്ക് നയിക്കപ്പെടുമെന്നതും വേതന വിതരണം വൈകിക്കാതിരിക്കുന്നതിനും വേതന കുടിശ്ശിക വേഗത്തിൽ കൊടുത്തുതീർക്കുന്നതിനും കമ്പനികളെയും സ്ഥാപനങ്ങളെയും പ്രേരിപ്പിക്കുകയും ചെയ്യും. 

Latest News