തായ്‌പേ: ബിക്കിനി മാത്രം ധരിച്ച് പര്‍വതാരോഹണം നടത്തി ലോക പ്രശസ്തയായ പര്‍വതാരോഹകയ്ക്ക് ദാരുണാന്ത്യം. ട്രക്കിങ്ങിനിടെ മലയിടുക്കില്‍ നിന്നും താഴെ വീണ് എഴുന്നേല്‍ക്കാനാവാതെ തായ്‌വാന്‍ കാരി ജിജി വൂവ് നെ തണുത്തുവിറച്ചു മരിക്കുകയായിരുന്നു. തായ്‌വാനിലെ യൂഷന്‍ നാഷണല്‍ പാര്‍ക്കിലെ മലയിടുക്കില്‍ നിന്നും താഴെ വീണ് പരിക്കേല്‍ക്കുകയായിരുന്നു.
എട്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് 25 ദിവസം നീണ്ടുനില്‍ക്കുന്ന പര്‍വതാരോഹണത്തിന് ജിജി പോയത്. ശനിയാഴ്ച തന്റെ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച് വീണ കാര്യം ഇവര്‍ കൂട്ടുകാരെ അറിയിച്ചിരുന്നു. ഇവര്‍ വിവരം കൈമാറിയെങ്കിലും മോശം കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടെ എത്താന്‍ കഴിഞ്ഞത് തിങ്കളാഴ്ചയായിരുന്നു. അപ്പോഴേയ്ക്കും ഇവര്‍ മരണപ്പെട്ടിരുന്നു. ഈ പ്രദേശത്ത് അര്‍ദ്ധരാത്രിക്ക് ശേഷമുള്ള ഊഷ്മാവ് തണുത്തുറഞ്ഞ അവസ്ഥയിലാണ്.
യൂഷന്‍ നാഷണല്‍ പാര്‍ക്കിലെ മലയിടുക്കില്‍ ഒറ്റയ്ക്ക് പോയ വു ട്രക്കിംഗിനിടയില്‍ 65 അടി താഴ്ചയിലേക്കായിരുന്നു വീണത്. കാലിന് പരിക്കേറ്റതിനാല്‍ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നായിരുന്നു ഇവര്‍ രക്ഷാപ്രവര്‍ത്തകരെ ബന്ധപ്പെട്ടത്. എന്നാല്‍ 28 മണിക്കൂറിന് ശേഷമാണ് എയര്‍ലിഫ്റ്റിംഗ് സംവിധാനത്തിലൂടെ ജിജിയെ പുറത്തെടുക്കാന്‍ സാധിച്ചത്. തായ്‌വാനിലെ മലനിരകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ രാത്രിയില്‍ പതിവായി താപനില താഴുകയും പര്‍വ്വത ചെരിവുകള്‍ വഴുക്കലുള്ളതായി മാറുകയും ചെയ്യാറുണ്ട്.
സമൂഹമാധ്യമങ്ങളിലെ താരം കൂടിയാണ് വൂ ചി യുന്‍ എന്നറിയപ്പെടുന്ന ജിജി വൂ. ഏറ്റവും മുകളിലെത്തിയതിന് ശേഷം ഇവര്‍ ബിക്കിനിയില്‍ സെല്‍ഫി എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതാണ് രീതി. നാലു വര്‍ഷം കൊണ്ട് 100 പര്‍വതശിഖരങ്ങള്‍ താണ്ടിയതായി കഴിഞ്ഞ വര്‍ഷം ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ വ്യക്തമാക്കിയിരുന്നു.