ഏതാനും ലോക്കൽ വണ്ടികളും തലസ്ഥാനത്തേക്കുള്ള രാജറാണി എക്‌സ്പ്രസുമാണ് ഷൊർണൂരിനും നിലമ്പൂരിനുമിടയിൽ സർവീസ് നടത്തുന്നത്. ഭൂരിഭാഗം പാസഞ്ചർ ട്രെയിനുകളും പകൽ സമയത്താണ്. അമൃത എക്‌സ്പ്രസുമായി വേർപെടുത്തി സ്വതന്ത്ര ട്രെയിനാവുന്നതോടെ രാജറാണിക്ക് ആവശ്യക്കാരേറുമെന്നതിൽ സംശയമില്ല. കേരളത്തിലെ പഴയ പാതകളിലൊന്നായ ഷൊർണൂർ-നിലമ്പൂർ പാത വൈദ്യുതീകരിക്കാൻ റെയിൽവേ തീരുമാനിച്ചിരിക്കുകയാണ്. വൈദ്യുതീകരണ ജോലി വൈകാതെ ആരംഭിക്കും. ഇതോടെ ഈ പാതയിലെ ട്രെയിനുകൾക്ക് വേഗം കൂടും.
ദക്ഷിണ റെയിൽവേക്കു കീഴിലെ എട്ടു സെക്ഷനുകളിലായുള്ള 1100 കീലോമീറ്റർ പാത വൈദ്യുതീകരിക്കാനാണ് അനുമതി. സെൻട്രൽ ഓർഗനൈസേഷൻ ഓഫ് റെയിൽവേ ഇലക്ട്രിഫിക്കേഷനാണ് നിർമാണ ചുമതല. കേരളത്തിൽ കൊല്ലം-പുനലൂർ (44 കി.മി), ഷൊർണൂർ–നിലമ്പൂർ (66 കി.മീ) പാതകളാണ് വൈദ്യുതീകരിക്കുക.
വൈദ്യുതീകരണം പൂർത്തിയായാൽ പ്രവർത്തന ചെലവ് 15 ശതമാനവും യാത്രാ സമയം 30 മിനിറ്റും കുറയുമെന്നാണ് ദക്ഷിണ റെയിൽവേ അവകാശപ്പെടുന്നത്. നിർമാണം മാസങ്ങൾക്കുള്ളിൽ തുടങ്ങുമെന്നാണ് സൂചന.
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷനായ, ജനത്തിരക്കേറിയ ഷൊർണൂരിൽ നിന്ന് ആരംഭിക്കുന്ന നിലമ്പൂർ പാത അവസാനിക്കുന്നത് കാടിന്റെ തണുപ്പും മനോഹാരിതയും തഴുകിയെത്തുന്ന നിലമ്പൂർ ജംഗ്ഷനിലാണ്.
ട്രെയിൻ പോകുന്ന ഓരോ സ്‌റ്റേഷനും അതിമനോഹരമാണ്. യാത്രയിലുടനീളം തീവണ്ടിക്ക് തണലൊരുക്കി ആൽമരങ്ങളും തേക്കും തലയുയർത്തി നിൽക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബ്രോഡ്‌ഗേജ് റെയിൽ പാതകളിലൊന്നാണിത്. 66 കിലോമീറ്ററാണ് യാത്രയുടെ ദൈർഘ്യം.
പച്ചപുതച്ച് നിൽക്കുന്ന വയലേലകൾ, അങ്ങിങ്ങായി ചെറുതും വലുതുമായ വീടുകൾ, പശ്ചാത്തലത്തിൽ പ്രൗഢിയോടെ തലയുയർത്തിനിൽക്കുന്ന മലനിരകൾ, അതിനും മുകളിൽ ചിതറിത്തെറിച്ച് കിടക്കുന്ന മേഘജാലങ്ങൾ, ഒഴിഞ്ഞ വയലേലകളിൽ കാൽപന്തു തട്ടിക്കളിക്കുന്ന കുട്ടികളും യുവാക്കളും, തെങ്ങും കമുകും സമൃദ്ധമായി വളരുന്ന പറമ്പുകൾ, റബർ തോട്ടങ്ങൾ… തീവണ്ടി ജാലകത്തിലൂടെ പുറത്തേക്കു നോക്കിയാൽ കാണുന്ന ഗ്രാമീണതയുടെ രമണീയമായ ദൃശ്യങ്ങൾ. വെള്ളിയാർ, ഒലിപ്പുഴ തുടങ്ങിയ പുഴകളും ഈ പാതയിലെ ആകർഷക ദൃശ്യങ്ങളാണ്. വാടാനംകുർശി, വല്ലപ്പുഴ, കുലുക്കല്ലൂർ, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, തൊടികപ്പുലം, വാണിയമ്പലം എന്നിവയാണ് തീവണ്ടിപ്പാതയിലെ ചെറുതും പ്രകൃതി സുന്ദരവുമായ റെയിൽവേ സ്‌റ്റേഷനുകൾ.
90 വർഷം മുമ്പ് ചരിത്രത്തിലേക്കൊരു ചൂളം വിളിയുമായാണ് ഷൊർണൂർ-നിലമ്പൂർ തീവണ്ടി സർവീസ് തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാതകളിലൊന്നാണിത്. അതിന് മുമ്പ് യാഥാർഥ്യമായത് തിരൂരിൽ നിന്ന് ബേപ്പൂരിലേക്കുള്ള പാത. ക്രമേണ ഇത് മദിരാശിയിലേക്കുള്ള മെയിൻ ലെയിനുമായി ബന്ധിപ്പിച്ച് മംഗലാപുരം വരെ നീട്ടി.
നിലമ്പൂരിൽ സമൃദ്ധമായി വളർന്നുകൊണ്ടിരിക്കുന്ന തേക്കുകളുടെ അന്താരാഷ്ട്ര വാണിജ്യ സാധ്യത മനസ്സിലാക്കി, അവയെ ബ്രിട്ടനിലേക്ക് കടത്തിക്കൊണ്ടു പോവുന്നതിന് ബ്രിട്ടീഷുകാരാണ് നിലമ്പൂർ പാത നിർമിച്ചത്. 1921 ൽ ആരംഭിച്ച പാത 1927 ഫെബ്രുവരിയിലായിരുന്നു ഷൊർണൂരിൽ നിന്ന് അങ്ങാടിപ്പുറം വരെ നീട്ടിയത്. 1943 ൽ രണ്ടാം ലോക മഹായുദ്ധ കാലത്ത് നിലമ്പൂരിലെ തേക്കുതോട്ടത്തിൽ നിന്നും ഒട്ടേറെ മരത്തടികൾ സഖ്യകക്ഷികളുടെ ആവശ്യത്തിലേക്കായി മുറിച്ചുനീക്കിയത് കടത്തിയതും ഈ പാതയിലൂടെയായിരുന്നുവെന്നത് ചരിത്രം.
മഴ കഴിഞ്ഞ സമയമാണെങ്കിൽ റെയിൽവേ ട്രാക്കൊഴികെ മറ്റെല്ലായിടത്തും പച്ചപ്പായിരിക്കും. ജൂൺ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ അതിരാവിലത്തെ യാത്രയിൽ മഞ്ഞും തണുപ്പുമുണ്ടാകും. കാഴ്ചക്ക് നിറം കൂടുകയും ചെയ്യും. രാജ്യറാണി എക്‌സ്പ്രസും ഷൊർണൂർ-നിലമ്പൂർ പാസഞ്ചറും ഉൾപ്പെടെയുള്ള വണ്ടികൾ ദിനം പ്രതി ആറു തവണ ഇതുവഴി സർവീസ് നടത്തുന്നുണ്ട്.