Sorry, you need to enable JavaScript to visit this website.

കണ്ണൂരിന്റെ ടൂറിസം മേഖല കുതിക്കുന്നു 

ഉത്തര മലബാറിന്റെ ടൂറിസം മേഖലയ്ക്ക് പുത്തനുണർവേകുന്ന മലനാട് - മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയായ സ്വദേശി ദർശന്റെ ഭാഗമായി പഴയങ്ങാടി പുഴയിൽ നിർമിക്കുന്ന ബോട്ട് ടെർമിനലിന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിൽ. ഫെബ്രുവരി 15 നകം ടെർമിനലിന്റെ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് ടി.വി.രാജേഷ് എം.എൽ.എ അറിയിച്ചു. 
ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ മേൽനോട്ടത്തിലാണ് ബോട്ട് ടെർമിനലിന്റെ നിർമാണം നടക്കുന്നത്. വിനോദ സഞ്ചാര വികസനത്തിൽ വൻ കുതിപ്പിന് വഴിയൊരുക്കുന്ന പദ്ധതിക്ക് പഴയങ്ങാടി പുഴയിലൂടെയുള്ള ബോട്ട് ഗതാഗതം സുഗമമാക്കുന്നതിനും ടൂറിസം വികസനത്തിനുമായി 3 കോടി രൂപയാണ് ടൂറിസം വകുപ്പിൽ നിന്ന് അനുവദിച്ചത്. 100 മീറ്റർ നീളത്തിൽ നിർമിക്കുന്ന ബോട്ട് ടെർമിനലിൽ 40 മീറ്ററിൽ നടപ്പാതയും 60 മീറ്ററിൽ 4 ബോട്ടുകൾ  അടുപ്പിക്കുന്നതിനുള്ള സൗകര്യവുമുണ്ടാകും. സൗര വിളക്കുകളും ഇരിപ്പിടവും ഒരുക്കും. 
സഞ്ചാരികൾക്ക് പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനോടൊപ്പം പഴയങ്ങാടി പുഴയിൽ ബോട്ടിംഗ് നടത്തുന്നതിനും ഈ പദ്ധതി പൂർത്തിയാകുന്നതോടെ സാധിക്കും. പഴയങ്ങാടി മുട്ടുകണ്ടി റോഡിൽ 90 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന പഴയങ്ങാടി റിവർ വ്യൂ പാർക്കിന്റെ പ്രവൃത്തിയും അവസാന ഘട്ടത്തിലാണ്. 
നൂറിലധികം പേർക്ക് നിൽക്കാവുന്ന പബ്ലിക് സ്പേസ് വള്ളംകളി പവിലിയൻ, റെയിൻ ഷെൽട്ടറുകൾ, കോഫി ഷോപ്പുകൾ, ഹൈമാസ്റ്റ്, മിനി മാസ്റ്റ്, ഡിസൈൻ വിളക്കുകൾ, പരിസ്ഥിതി സൗഹൃദ ടോയ്ലറ്റുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. പൊതുമേഖലാ സ്ഥാപനമായ സിൽക്കിനാണ് നിർമാണ ചുമതല. മലബാറിന്റെ സാംസ്‌കാരിക കലാരൂപങ്ങളായ തെയ്യം, ഒപ്പന, കോൽക്കളി, പൂരക്കളി, യക്ഷഗാനം, മുതലായവ ഉൾപ്പെടുത്തിക്കൊണ്ടും മലബാറിന്റെ ചരിത്രപരമായ സവിശേഷതകൾ ഉൾപ്പെടുത്തിയും പ്രമേയാധിഷ്ഠിതമായ ടൂറിസം സർക്യൂട്ടുകൾ വികസിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

Latest News