Sorry, you need to enable JavaScript to visit this website.

പാണക്കാട് കുടുംബത്തെ വേറിട്ടതാക്കുന്നത് വിശാല മനസ്സ്‌

മതഭേദമില്ലാതെ അശരണർക്കു വേണ്ടി മലർക്കെ തുറന്നിട്ട കവാടങ്ങളാണ് പാണക്കാട് കൊടപ്പനക്കൽ തറവാടിന്റേത്. പാണക്കാട് പൂക്കോയ തങ്ങളും മുഹമ്മദലി ശിഹാബ് തങ്ങളും അടക്കമുള്ള പൂർവസൂരികൾ എഴുതി വെച്ച മതേതരത്വത്തിന്റെ മഹൽസൂക്തങ്ങളുണ്ടവിടെ. മതത്തെ വർഗീയതക്കപ്പുറത്തേക്ക് കാണാനുള്ള ഉൾക്കാഴ്ചയാണ് കൊടപ്പനക്കൽ തറവാടിന്റെ കൈമുതൽ. സാദിഖലി ശിഹാബ് തങ്ങൾക്ക് ഹൈന്ദവരുടെ വേദനയിൽ പങ്കുചേരാനുള്ള വിശാല മനസ്സ് സമ്മാനിച്ചതും ആ തറവാട്ടു മഹിമയാണ്.

http://malayalamnewsdaily.com/sites/default/files/2019/01/22/malabarmail.jpg

മകര വിളക്ക് കഴിഞ്ഞതോടെ ശബരിമലയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും വിവാദങ്ങൾക്കും താൽക്കാലികമായെങ്കിലും വിരാമമായിരിക്കുകയാണ്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോടതിയിൽ നിലനിൽക്കുകയുമാണ്. ശബരിമല കർമ സമിതിയുടെയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ നടന്നുവന്ന സമരങ്ങൾ അവസാനിച്ചു. പ്രക്ഷുബ്ധമായൊരു മണ്ഡല  കാലമാണ് ഇത്തവണ കടന്നു പോയത്. ശബരിമലയിൽ ദർശനം നടത്താനെത്തുന്ന യുവതികളെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രവേശിപ്പിക്കുമെന്ന വാശിയിൽ സർക്കാരും തടയുമെന്ന വാശിയിൽ കർമസമിതി പ്രവർത്തകരും നിലകൊണ്ടതോടെ മുമ്പൊന്നുമില്ലാത്ത രീതിയിൽ വിവാദ ഭൂമിയായി ശബരിമല മാറി. നിരവധി ഹർത്താലുകൾക്കും കേരളത്തിൽ പുതിയൊരു നവോത്ഥാന ചർച്ചക്കും വനിതാ മതിലിനും സാക്ഷ്യം വഹിച്ചാണ് ഹൈന്ദവ വിശ്വാസികളുടെ പുണ്യനാളുകൾ രംഗമൊഴിഞ്ഞത്.
ശബരിമല വിവാദത്തിന്റെ ബാക്കിപത്രം പരിശോധിക്കുമ്പോൾ തെളിഞ്ഞുവരുന്ന സംഭവങ്ങളിലും കഥാപാത്രങ്ങളിലും മലബാർ മേഖലയുടെ സ്ഥാനം വ്യക്തമാകുന്നുണ്ട്. ഉത്തര മലബാറിൽ ബി.ജെ.പിയുടെ പ്രതീക്ഷയായ കെ. സുരേന്ദ്രന്റെ ജയിൽ വാസമാണ് ശബരിമല സംഭവ പരമ്പരകളിൽ പ്രധാനപ്പെട്ട ഒന്ന്. മലബാർ രാഷ്ട്രീയത്തിൽ പയറ്റിക്കളിച്ച് ബി.ജെ.പിയുടെ അമരക്കാരനായ പി.എസ്. ശ്രീധരൻ പിള്ള നേരിട്ട രാഷ്ട്രീയ പരീക്ഷണങ്ങളാണ് മറ്റൊരു സംഭവം. ശബരിമലയിൽ പുലർകാലത്ത് സമരക്കാരുടെ കണ്ണുവെട്ടിച്ച് ദർശനം നടത്തിയ മലബാറുകാരികളായ കനകദുർഗയും ബിന്ദുവുമാണ് മറ്റു രണ്ട് കഥാപാത്രങ്ങൾ. പിണറായി സർക്കാരിന്റെ ശബരിമല വിഷയത്തിലെ ജയപരാജയങ്ങളുടെ അളവുകോലുകളായി ഈ നാലു കഥാപത്രങ്ങൾ വരുംനാളുകളിലും കേരള രാഷ്ട്രീയത്തിൽ ചർച്ചാകേന്ദ്രങ്ങളാകും.
ശബരിമലയുമായി ബന്ധപ്പെട്ട് ഏറെയൊന്നും മാധ്യമ ശ്രദ്ധ കിട്ടാതെ പോയതും എന്നാൽ ചർച്ച ചെയ്യേണ്ടപ്പെടേണ്ടതുമായ ഒരു പ്രസ്താവന മലപ്പുറത്തു നിന്നും പുറത്തു വന്നിരുന്നു. മുസ്‌ലിം ലീഗിന്റെയും സുന്നി വിഭാഗത്തിന്റെയും നേതൃസ്ഥാനമലങ്കരിക്കുന്ന പാണക്കാട് തങ്ങൾ കുടുംബത്തിൽ നിന്നുള്ളതാണത്. ശബരിമലയിൽ യുവതികൾ പ്രവേശിച്ചെന്ന വിവരം പുറത്തു വന്നതുമായി ബന്ധപ്പെട്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞ അഭിപ്രായം കേരളത്തിന്റെ രാഷ്ട്രീയ മനസ്സിലും മതേതര മനസ്സിലും എക്കാലത്തും കരുതി സൂക്ഷിക്കേണ്ട ഒന്നാണ്. യുവതി പ്രവേശനത്തിലൂടെ ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കപ്പെട്ടത് ഹൈന്ദവ വിശ്വാസികളെ വേദനിപ്പിച്ചെന്നും ആ വേദനയിൽ താൻ പങ്കുചേരുന്നുവെന്നുമായിരുന്നു സാദിഖലി തങ്ങളുടെ അഭിപ്രായം. മുസ്‌ലിം സമുദായ നേതാവ് എന്ന നിലയിലും മുസ്‌ലിം ലീഗ് നേതാവ് എന്ന നിലയിലും സാദിഖലി തങ്ങളുടെ വ്യക്തിപരമായ അഭിപ്രായത്തെ ലീഗിന്റെയും സമുദായത്തിന്റെയും അഭിപ്രായമാണെന്ന രീതിയിലാണ് പൊതുവെ ചർച്ച ചെയ്യപ്പെട്ടത്. ആ രീതിയിൽ തന്നെയാണ് അത് ചർച്ച ചെയ്യപ്പെടേണ്ടതും. മതപരമായ കാര്യങ്ങളെ വർഗീയതക്കപ്പുറമുള്ള ഒരു മനസ്സ് കൊണ്ട് നോക്കിക്കാണാനും തുറന്നുപറയാനുമുള്ള മനസ്സാണ് പൊതുപ്രവർത്തന രംഗത്തുള്ളവർക്ക് ആവശ്യമെന്ന് സാദിഖലി തങ്ങളുടെ പ്രസ്താവന തെളിയിക്കുന്നുണ്ട്. തങ്ങളുടെ പ്രസ്താവനക്കെതിരെ കടുത്ത വിമർശങ്ങളും ഉയർന്നിരുന്നു. മുസ്‌ലിം ലീഗ് ആർ.എസ്.എസിന് ഓശാനപാടുകയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഏറെ നാളുകൾ ട്രോളുകളുടെ ഒഴുക്കായിരുന്നു. എന്നാൽ കേരളത്തിന്റെ മതേതര മനസ്സ് അത്തരം വിമർശനങ്ങളെ ഏറ്റുപിടിക്കാത്തതുകൊണ്ട് അവയെല്ലാം ചാപ്പിള്ളകളായി മാറി. 
ഹൈന്ദവ വിഷയങ്ങളിൽ അഭിപ്രായം പറയാൻ മുസ്‌ലിം ലീഗിനും മുസ്‌ലിം പ്രശ്‌നങ്ങളിൽ അഭിപ്രായം പറയാൻ ബി.ജെ.പിക്കും അവകാശമില്ലെന്ന ഒരു തെറ്റിദ്ധാരണ പൊതുസമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. മതത്തെയും വർഗീയതയെയും രണ്ടായി കാണാനുള്ള സമുദായ സാക്ഷരത ഇനിയും നേടിയില്ലാത്തവരാണ് ഇത്തരം തെറ്റിദ്ധാരണകൾ വെച്ചു പുലർത്തുന്നത്. ആരോഗ്യകരമായ ബഹുമത സംവാദങ്ങൾക്ക് ഇടമേറെയുണ്ടായിരുന്ന ഇന്ത്യയിൽ അത്തരം വേദികളെല്ലാം കൊട്ടിയടച്ച് മതങ്ങളിലേക്ക് മാത്രമായി ചുരുങ്ങുന്നവരാണ് അഭിപ്രായ സ്വാതന്ത്ര്യത്തിനും മതത്തിന്റെ വേലിക്കെട്ടുകൾ തീർക്കുന്നത്. മതങ്ങളുടെ നിയമങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് വാദിക്കുന്നതോടൊപ്പം വർഗീയത മതങ്ങളെ വിഴുങ്ങാൻ അനുവദിക്കരുതെന്ന് വാദിക്കുന്നവരാണ് മതപ്രബുദ്ധമായൊരു സമൂഹത്തിൽ നിലനിൽക്കേണ്ടത്. മതപരമായും സാമൂഹികമായും രാഷ്ട്രീയമായും മറ്റുള്ളവരുടെ വേദനയിൽ പങ്കുകൊള്ളാൻ കഴിയുന്നവരെയാണ് സമൂഹത്തിനാവശ്യം. 
ഹൈന്ദവ വിശ്വാസികളുടെ വേദനയിൽ പങ്കുകൊള്ളുന്നുവെന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനയെ രാഷ്ട്രീയത്തിന്റെയും വർഗീയതയുടെയും പൊടിപ്പും തൊങ്ങലും ചേർക്കാതെ വായിച്ചാൽ അത് മാനവികതയുടെ മഹത്തായ പ്രഘോഷണമായി കാണാവുന്നതാണ്. മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും വലിയ സന്ദേശമാണ് തങ്ങളുടെ ആ ചെറിയ വാക്കുകൾ. രാഷ്ട്രീയത്തെയും മതത്തെയും സമൂഹത്തിന് പുറത്ത് വേലികെട്ടി പ്രതിഷ്ഠിച്ച് ജീവിക്കുന്ന ആനുകാലിക മലയാളികൾക്കിടയിൽ ഇത്തരമൊരു പരസ്യ പ്രസ്താവന നടത്താൻ ആത്മധൈര്യവും ഇഛാശക്തിയും വേണം. ആ വേലിക്കെട്ടുകളുടെ ഉള്ളിൽ സുരക്ഷിതമെന്ന് ധരിച്ചു കഴിയുന്ന നേതാക്കൾക്കിടയിൽ നിന്നുള്ള അപൂർവമായൊരു ശബ്ദമായും ആ വാക്കുകൾ വിലയിരുത്തപ്പെടണം. 
പൊതുകാര്യങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നതിൽ പാണക്കാട് കുടുംബത്തിന് പരിമിതികൾ ഏറെയുണ്ട്. രാഷ്ട്രീയ രംഗത്തും സമുദായ രംഗത്തും നേതൃത്വം കൽപിക്കപ്പെട്ട ഒരു കുടുംബമെന്ന നിലയിലാണിത്. രാഷ്ട്രീയമായി പറയുന്ന അഭിപ്രായങ്ങൾ ചിലപ്പോൾ സമുദായത്തിന് ഇഷ്ടപ്പെടണമെന്നില്ല. സമുദായത്തിനു വേണ്ടി പറയുന്ന കാര്യങ്ങൾ ലീഗിന് പൂർണമായും ദഹിക്കണമെന്നുമില്ല. പാർട്ടിക്കും സമസ്തക്കുമിടയിൽ ഒരു സമദൂര നിലപാടാണ് പാണക്കാട് കുടുംബത്തിന് എന്നുമുള്ളത്. ആ നിലപാട് പൊതുസ്വീകാര്യവും അന്തിമവുമാണ്. 
മതഭേദമില്ലാതെ അശരണർക്കു വേണ്ടി മലർക്കെ തുറന്നിട്ട കവാടങ്ങളാണ് പാണക്കാട് കൊടപ്പനക്കൽ തറവാടിന്റേത്. പാണക്കാട് പൂക്കോയ തങ്ങളും മുഹമ്മദലി ശിഹാബ് തങ്ങളും അടക്കമുള്ള പൂർവസൂരികൾ എഴുതിവെച്ച മതേതരത്വത്തിന്റെ മഹൽസൂക്തങ്ങളുണ്ടവിടെ. മതത്തെ വർഗീയതക്കപ്പുറത്തേക്ക് കാണാനുള്ള ഉൾക്കാഴ്ചയാണ് കൊടപ്പനക്കൽ തറവാടിന്റെ കൈമുതൽ. സാദിഖലി ശിഹാബ് തങ്ങൾക്ക് ഹൈന്ദവരുടെ വേദനയിൽ പങ്കുചേരാനുള്ള വിശാലമനസ്സ് സമ്മാനിച്ചതും ആ തറവാട്ടു മഹിമയാണ്.
മതേതര നിലപാടുകളുടെ പേരിൽ ഏറെ വിമർശിക്കപ്പെട്ട പാർട്ടിയാണ് മുസ്‌ലിം ലീഗ്. ബാബ്‌രി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ മുസ്‌ലിം വികാരത്തെ ഉൾക്കൊണ്ടില്ലെന്ന പേരിൽ പിളർപ്പിനെ അഭിമുഖീകരിച്ച പാർട്ടിയാണത്. അയോധ്യയിലെ ഹൈന്ദവ വർഗീയതക്ക് അതേ രീതിയിൽ തിരിച്ചടി നൽകണമെന്നും കോൺഗ്രസ് ബന്ധം ഉപേക്ഷിക്കണമെന്നുമുള്ള സമ്മർദങ്ങളെ പാണക്കാട് കുടുംബവും മുസ്‌ലിം ലീഗും ചെവികൊണ്ടില്ല. വർഗീയതയെ വർഗീയത കൊണ്ടല്ല ചെറുക്കേണ്ടതെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. ലീഗിന്റെയും പാണക്കാട് കുടുംബത്തിന്റെയും മതേതര നിലപാട് തെറ്റായിരുന്നില്ലെന്നാണ് കേരള രാഷ്ട്രീയത്തിൽ മുസ്‌ലിം ലീഗിന് നഷ്ടപ്പെട്ടിട്ടില്ലാത്ത അടിത്തറ തെളിയിക്കുന്നത്. മതസൗഹാർദമെന്നത് സ്വാഭാവികമായി ഉണ്ടാകേണ്ടതാണെന്നും സ്റ്റേജ് കെട്ടി സംഘടിപ്പിക്കേണ്ട ഒന്നല്ലെന്നും തെളിയിച്ച കുടുംബമാണ് പാണക്കാട് കുടുംബം. വർഷങ്ങൾക്ക് മുമ്പ് പെരിന്തൽമണ്ണ അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ ഗോപുര വാതിലിന് അജ്ഞാതർ തീവെച്ചപ്പോൾ ക്ഷേത്രത്തിൽ ഓടിയെത്താൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് ആരുടെയും നിർദേശം കാത്തിരിക്കേണ്ടി വന്നിട്ടില്ല. ക്ഷേത്രവാതിൽ കത്തിച്ചതുമായി ബന്ധപ്പെട്ട് ഉടലെടുക്കാമായിരുന്ന വർഗീയ പ്രശ്‌നങ്ങൾക്കാണ് ശിഹാബ് തങ്ങളുടെ അന്നത്തെ സമയോചിതമായ സന്ദർശനം തടയിട്ടത്. മലബാറിലെ പല ക്ഷേത്രങ്ങളിലും ഉൽസവത്തിനും സമൂഹ സദ്യകൾക്കും പാണക്കാട് കുടുംബാംഗങ്ങൾ ഇന്നും പ്രത്യേക ക്ഷണിതാക്കളാണ്. കൊടപ്പനക്കൽ തറവാട്ടിലെത്തുന്നവരോട് മതമേതെന്ന് ചോദിക്കാറില്ല. മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ നിർമിക്കപ്പെടുന്ന ബൈത്തുറഹ്മകൾ മുസ്‌ലിംകൾക്ക് മാത്രമായി ഒതുക്കാറുമില്ല.
മനുഷ്യ മനസ്സിന്റെ വേദനകളെ മതത്തിനതീതമായി കാണാനുള്ള കഴിവാണ് കേരളീയ സമൂഹത്തിൽ പാണക്കാട് കുടുംബത്തെ വേറിട്ടതാക്കുന്നത്. മാനവികതയുടെ മിനാരങ്ങളിൽ നിന്നൊഴുകി വരുന്ന പാണക്കാടിന്റെ വാക്കുകൾ കേരള സമൂഹത്തെ സമാശ്വസിപ്പിക്കാൻ കെൽപുള്ളതാണ്. 

Latest News