തിരുവനന്തപുരം-പ്രളയത്തിനു ശേഷം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണമില്ലാതെ നട്ടം തിരിയുമ്പോള്‍ മുഖ്യമന്ത്രി പ്രത്യേക വിമാനത്തില്‍ മധുരയില്‍ പോയതിന് 7.6 ലക്ഷം രൂപ ചെലവായെന്ന മാതൃഭൂമി വര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മനപ്പൂര്‍വം കെട്ടിച്ചമച്ചതുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
കേരളത്തില്‍ പ്രളയമുണ്ടായത് 2018 ഓഗസ്റ്റിലാണ്. 2018 നവംബര്‍ ആറിന് മുഖ്യമന്ത്രി കോഴിക്കോട്ടായിരുന്നു. അവിടെ ചേര്‍ന്ന എല്‍.ഡി.എഫ് റാലിയില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. മധുരയില്‍ ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പോയ് 2017 നവംബറിലാണ്. പ്രളയത്തിന് ഏതാണ്ട് ഒരു വര്‍ഷം മുമ്പ്. ഈ യാത്രയെ പ്രളയവുമായി ബന്ധിപ്പിച്ചത് ദുരുദ്ദേശ്യപരമാണ്.
മുഖ്യമന്ത്രിക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പ്രത്യേക വിമാനമോ ഹെലിക്കോപ്റ്ററോ ഉപയോഗിക്കേണ്ടിവരും. അതു സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്‍പര്യം തന്നെയാണ്. ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങള്‍ക്കെല്ലാം സ്വന്തമായി വിമാനമോ ഹെലിക്കോപ്റ്ററോ ഉണ്ട്. മുഖ്യമന്ത്രിമാരും മന്ത്രിമാരും അത്യാവശ്യ കാര്യങ്ങള്‍ക്ക് അത് ഉപയോഗിക്കുന്നു.
കേരളത്തിന് സ്വന്തമായി വിമാനമോ ഹെലിക്കോപ്റ്ററോ ഇല്ലാത്തതുകൊണ്ടാണ് അടിയന്തര സാഹചര്യത്തില്‍ മുഖ്യമന്ത്രിമാര്‍ക്ക് ഹെലിക്കോപ്റ്ററോ പ്രത്യേക വിമാനമോ ഉപയോഗിക്കേണ്ടിവരുന്നതെന്നും വിശദീകരണത്തില്‍ പറഞ്ഞു.