റിയാദ്- സ്‌പോൺസറുടെ മകൻ മരിച്ച കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് 13 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ മോചനത്തിന് സാധ്യത തെളിയുന്നു.
ഹയ്യുൽ മൻസൂറയിൽ സ്വദേശിയുടെ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിനാണ് സ്‌പോൺസറുടെ കുടുംബത്തിന്റെയും കോടതിയുടെയും കാരുണ്യംമൂലം ദിയ നൽകി മോചനത്തിനുള്ള വഴിയൊരുങ്ങുന്നത്.
ദിയ എത്രയാണെന്ന് റിയാദിലെ കോടതി ഉടനെ പ്രഖ്യാപിച്ചേക്കും. മൂന്ന് മുതൽ അഞ്ചു ലക്ഷം റിയാൽ വരെയാണ് നഷ്ടപരിഹാരം വിധിക്കാൻ സാധ്യതയെന്ന് റഹീമിന്റെ അഭിഭാഷകൻ അലി അൽമിസ്ഫർ അൽഹാജിരി പറഞ്ഞു.
2006 ഡിസംബർ 24 ന് റിയാദ് സുവൈദിയിലെ ട്രാഫിക് സിഗ്‌നലിൽവെച്ചാണ് കേസിനാസ്പദമായ സംഭവം. സ്‌പോൺസറുടെ ജന്മനാ ബുദ്ധിസ്ഥിരതയില്ലാത്ത, രോഗിയായ മകൻ അനസിനെ പരിചരിക്കാനുള്ള ചുമതല അബ്ദുറഹീമിനായിരുന്നു. അനസിനെയും കൂട്ടി വീടിനടുത്തുള്ള ഹൈപ്പർമാർക്കറ്റിലേക്ക് പോകുമ്പോൾ യാത്രാമധ്യേ അബ്ദുറഹീമിനുണ്ടായ കൈയബദ്ധമാണത്രെ അനസിന്റെ മരണത്തിൽ കലാശിച്ചത്. കാറിൽ ബഹളമുണ്ടാക്കുകയും ഉപദ്രവിക്കുകയും ചെയ്ത അനസിനെ തടയാൻ ശ്രമിച്ച റഹീമിന്റെ കൈ അനസിന്റെ കഴുത്തിൽ, ആഹാരം കൊടുക്കാൻ ശസ്ത്രക്രിയ ചെയ്ത് ഘടിപ്പിച്ച ഉപകരണത്തിലാണ് തട്ടിയത്. ഈ സംവിധാനത്തിന് കേടുപറ്റിയതിന്റെ ആഘാതത്തിൽ അനസ് ബോധരഹിതനാവുകയായിരുന്നു. ഭീതിയിലായ അബ്ദുറഹീം എന്തുചെയ്യണമെന്നറിയാതെ ഉടൻ തന്റെ അടുത്ത ബന്ധു മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തിയെങ്കിലും തന്നെയും പോലീസ് പിടികൂടുമെന്ന് കരുതി അദ്ദേഹം തിരിച്ചുപോയി. അനസിനെ ആംബുലൻസിൽ റഹീമിനൊപ്പം ഉടൻ ശുമൈസി ആശുപത്രയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കേസന്വേഷണഘട്ടത്തിൽ നസീറും പിടിക്കപ്പെടുകയും കുറ്റം മറച്ചുവെച്ച കേസിൽ പ്രതിചേർക്കപ്പെട്ട് ജയിൽ ശിക്ഷ പൂർത്തിയാക്കുകയും ചെയ്തു.
റഹീമിന്റെ മോചനത്തിന് നിയമ സഹായ സമിതി രൂപീകരിച്ചിരുന്നു. ഇന്ത്യൻ എംബസിയുടെ സജീവമായ ഇടപെടലും അനുഗ്രഹമായി. അഞ്ചു ലക്ഷം സൗദി റിയാൽ ദിയ ഇനത്തിലും 13 വർഷം നിയമസഹായം നൽകിയ സ്ഥാപനത്തിനുള്ള തുകയും കണ്ടെത്താനുള്ള മാർഗം തേടുകയാണ് ഭാരവാഹികൾ. നിർധനരായ റഹീമിന്റെ കുടുംബത്തിന് സാമ്പത്തികമായി ഒന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്.
നിയമ സഹായ സമിതിയുടെ യോഗം ഉടനെ വിളിച്ചു ചേർത്ത് ഫണ്ട് ശേഖരണത്തിനുള്ള കർമ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് ജനറൽ കൺവീനർ അഷ്‌റഫ് വേങ്ങാട്ട് അറിയിച്ചു.






