Sorry, you need to enable JavaScript to visit this website.

ഇതാണ് ഇന്നത്തെ ലോകം; 380 കോടി ജനങ്ങളുടെ ആസ്തിയും 26 പേരുടെ സ്വത്തും തുല്യം

ഡാവോസ്- ലോകത്തെ 26 ശതകോടീശ്വരന്മാരുടെ കൈയിലുള്ളത് 380 കോടി ജനങ്ങളുടെ ആസ്തിക്ക് തുല്യമായ തുക. ലോകത്തെ സമ്പത്ത് കേന്ദ്രീകരിക്കുന്നതിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന കണക്ക് ചാരിറ്റി സ്ഥാപനമായ ഓക്‌സ്ഫാമാണ് വെളിപ്പെടുത്തിയത്. ഡാവോസില്‍ ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് പുറത്തിറക്കിയ 2018 ലെ റിപ്പോര്‍ട്ട് ഉള്ളവന്‍ കൂടുതല്‍ ഉള്ളവനും ഇല്ലാത്തവന്‍ കൂടുതല്‍ ഇല്ലാത്തവനുമാകുന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഒരു ശതമാനം ധനനികുതി ഏര്‍പ്പെടുത്തിയാല്‍ വര്‍ഷം 418 ബില്യണ്‍ ഡോളര്‍ സ്വരൂപിക്കാമെന്നും സ്‌കൂളില്‍ പോകാത്ത കുട്ടികളെ പഠിപ്പിക്കാനും 30 ലക്ഷം മരണങ്ങള്‍ ഒഴിവാക്കാനാകുന്ന ചികിത്സ നല്‍കാനും ഈ തുക മതിയാകുമെന്നും ഓക്‌സ്ഫാം കണക്കാക്കുന്നു.
2,200 കോടീശ്വരന്മാരുടെ സമ്പത്തില്‍ 2018 ല്‍ 900 ബില്യണ്‍ ഡോളറാണ് വര്‍ധന. ഒരു ദിവസം 2.5 ബില്യണ്‍ ഡോളര്‍.
സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം പത്ത് വര്‍ഷത്തിനിടെ കോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായി. ഓരോ രണ്ടു ദിവസത്തിലും ഒരു കോടീശ്വരന്‍ ഉദയം ചെയ്യുന്നു. ഏറ്റവും സമ്പന്നനായ ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ സമ്പത്ത് 112 ബില്യണ്‍ ഡോളറായാണ് വര്‍ധിച്ചത്. 105 ദശലക്ഷം ജനസംഖ്യയുള്ള എത്യോപ്യയുടെ മൊത്തം ആരോഗ്യ ബജറ്റിനുള്ള തുക വരും ബെസോസിന്റെ ഒരു ശതമാനം ആസ്തി.

 

Latest News