ജിദ്ദ- ദക്ഷിണ ജിദ്ദയിലെ ഖുംറയിലെ അൽഖൂസീൻ ഡിസ്ട്രിക്ടിൽ താമസ സ്ഥലത്ത് തീ പടർന്നുപിടിച്ച് രണ്ടു പേർ പൊള്ളലേറ്റ് മരിച്ചു. ഇവരുടെ മുറിയിൽ സൂക്ഷിച്ച പഴയ സ്പോഞ്ച്, കോട്ടൻ ശേഖരത്തിൽ തീ പടർന്നുപിടിക്കുകയായിരുന്നു. അഗ്നിബാധയെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ച് നടത്തിയ പരിശോധനയിലാണ് പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ മുറിക്കകത്ത് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫോറൻസിക് പരിശോധനക്കായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് നീക്കി. മരിച്ചവരെ തിരിച്ചറിയുന്നതിന് സുരക്ഷാ വകുപ്പുകൾ ശ്രമം തുടരുകയാണ്.






