ഓഹരി വിപണി ഒരിക്കൽ കൂടി തിളങ്ങി. ബോംബെ സെൻസെക്‌സ് പ്രതിരോധമായ 36,470ൽ ഒരു പോയിൻറ്റ് പോലും ഉയരാനാവാതെ 36,469.98ൽ സൂചികയുടെ കാലിടറി. നിഫ്റ്റി സൂചികക്ക് മലയാളം ന്യൂസ് ഇതേ കോളത്തിൽ വ്യക്തമാക്കിയ 10,924 റേഞ്ചിൽ തടസം നേരിട്ടു. ബോംബെ സൂചിക 376 പോയിൻറും നിഫ്റ്റി 112 പോയിൻറും പ്രതിവാര നേട്ടത്തിലാണ്.
കോർപ്പറേറ്റ് മേഖലയിൽ നിന്നുള്ള ത്രൈമാസ റിപ്പോർട്ടുകൾക്ക് തിളക്കം വർധിച്ചത് മുൻ നിര ഓഹരികളുടെ മുന്നേറ്റത്തിന് വേഗത പകർന്നു. വിദേശ ഫണ്ടുകൾ വിൽപ്പനയ്ക്കാണ് മുൻ തൂക്കം നൽകിയത്. എന്നാൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകരായി നിലകൊണ്ടു.
നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് ഒത്താണ് ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. 35,844 ൽ ഓപ്പൺ ചെയ്ത സെൻസെക്‌സ് 35,700 ലേയ്ക്ക് താഴ്ന്ന ശേഷം ഇരട്ടി വീര്യതോടെ 36,000 ലെ നിർണായക പ്രതിരോധം തകർത്ത് 36,470 ലേക്ക് മുന്നേറി. വാരാന്ത്യം ലാഭമെടുപ്പിൽ അൽപ്പം തളർന്ന് 36,387 ൽ ക്ലോസിങ് നടന്നു. ഈ വാരം 36,671 ലെ ആദ്യ പ്രതിരോധം മറികടന്നാൽ 36,955 വരെ ഉയരാം. വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടാൽ 35,901 ലും 35,415 ലും താങ്ങ് പ്രതീക്ഷിക്കാം.
വിപണിയുടെ മറ്റ് സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ് ഏ ആർ എന്നിവ ബുള്ളിഷാണ്. അതേ സമയം സ്ലോ സ്‌റ്റോക്കാസ്റ്റിക്ക്, ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ഓവർ ബോട്ട് പൊസിഷനിലേക്ക് നീങ്ങിയത് തിരുത്തലിനുള്ള സാധ്യതകൾക്ക് ശക്തിപകരാം.
ഡെയ്‌ലി ചാർട്ടിൽ നിഫ്റ്റിക്ക് 10,684 ലെ താങ്ങ് നിലനിർത്തി. മുൻ വാരം സൂചിപ്പിച്ച രണ്ടാം പ്രതിരോധമായ 10,924 ലെ തടസം മറികടന്ന് 10,928 വരെ സൂചിക കയറി. വാരാന്ത്യം നിഫ്റ്റി 10,907 പോയിൻറ്റിലാണ്. 10,924 - 10,992 ലേയ്ക്ക് ഉയരാൻ ഇന്നും നാളെയുമായി വിപണി ശ്രമം നടത്താം. ഈ നീക്കം വിജയിച്ചാൽ 11,077 ലേക്ക് ജനുവരി സീരിസ് സെറ്റിൽമെൻറ്റിന് മുമ്പായി സഞ്ചരിക്കാം. സാങ്കേതികമായി നിഫ്റ്റി ഓവർ ബോട്ടായതിനാൽ പ്രോഫിറ്റ് ബുക്കിങിനുള്ള സാധ്യതകൾ സൂചികയെ 10,758 ലേയ്ക്ക് തളർത്താം. ഈ റേഞ്ചിലും തിരിച്ചടി നേരിട്ടാൽ 10,600 വരെ തിരുത്തൽ തുടരാം.
ഐ.റ്റി കമ്പനികളിൽ നിന്നുള്ള െ്രെതമാസ പ്രവർത്തന റിപ്പോർട്ടുകൾ വിപണിയുടെ പ്രതീക്ഷയിലും മെച്ചപ്പെട്ടത് ഓപ്‌റേറ്റർമാരെ പുതിയ വാങ്ങലുകൾക്ക് പ്രേരിപ്പിച്ചു. ഓയിൽ ആന്റ് ഗ്യാസ്, റിയാലിറ്റി വിഭാഗങ്ങളിലും വാങ്ങൽ താൽപര്യം ദൃശ്യമായി. ബാങ്കിങ്, കാപ്പിറ്റൽ ഗുഡ്‌സ്, പവർ, ഫാർമസ്യുട്ടിൽ വിഭാഗങ്ങളിൽ ലാഭമെടുപ്പ് അനുഭവപ്പെട്ടു.
യെസ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസീസ് എന്നീ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റാ കൺസൽട്ടൻസി സർവീസസ്, എച്ച്‌സിഎൽ ടെക്‌നോളജീസ് എന്നിവ 23 ശതമാനം വരെ ഉയർന്നു. കൊടക് ബാങ്ക്, എച്ച്.സി.എൽ ടെക്, ഒ.എൻ.ജി.സി, ഏഷ്യൻ പെയിന്റ്‌സ്, വേദാന്ത, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാൻസ്, മാരുതി, ടിസിഎസ് എന്നിവക്കും നേട്ടം. ഭാരതി എയർടെൽ 7 ശതമാനവും എൽ ആൻറ് ട്യൂബ്രോ 3.79 ശതമാനവും നഷ്ടത്തിലാണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൻടിപിസി എന്നിവയുടെ നിരക്ക് 23 ശതമാനം വീതം കുറഞ്ഞു. ടാറ്റാ മോട്ടോഴ്‌സ്, ഐ റ്റി സി തുടങ്ങിവയ്ക്കും തളർച്ച.
വിദേശ നിക്ഷേപകർ 2318 കോടിയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര മ്യൂചൽ ഫണ്ടുകൾ 1842 കോടി രൂപയുടെ ഓഹരികൾ വാങ്ങി. രൂപയുടെ വിനിമയ മൂല്യം 70.38 ൽ നിന്ന് 71.19 ലേക്ക് നീങ്ങി. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതും ഇന്ത്യൻ വിപണി ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ബാരലിന് 51.59 ഡോളറിൽനിന്ന് എണ്ണ വില 53.89 ഡോളർ വരെ കയറി. മുൻവാരം സൂചിപ്പിച്ച 53.90 ലെ തടസം എണ്ണക്ക് മറികടക്കാനായില്ല. ഈ തടസം ഭേദിച്ചാൽ എണ്ണ വില 55.07 ഡോളർ വരെ ഉയരാം.
അമേരിക്കയിൽ ഡൗ ജോൺസ് സൂചിക ഓഗസ്റ്റിന് ശേഷം ആദ്യമായി തുടർച്ചയായി നാല് ആഴ്ച്ചകളിൽ നേട്ടം നിലനിർത്തി. വാരാന്ത്യം ഡൗ സൂചിക 336 പോയിൻറ് വർധിച്ചു. എസ് ആന്റ് പി, നാസ്ഡാക് എന്നിവയും മികവിലാണ്.