കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചപ്പോള്‍ രക്ഷക വേഷത്തില്‍ സിപിഎം. മാള്‍ഡയിലെ പാര്‍ട്ടി നേതാവ് തരുണ്‍ ഘോഷാണ് ബിജെപി പരിപാടിക്ക് സൗജന്യമായി തന്റെ സ്ഥലം വിട്ടു കൊടുത്തത്. 'ആ സ്ഥലം വെറുതെ കിടക്കുകയായിരുന്നു. അവിടെ ബിജെപി പരിപാടി നടത്തുന്നതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല,' ഘോഷ് പറഞ്ഞു.
ബിജെപി നേതാവ് മുകുള്‍ റോയിയും പ്രാദേശിക എംഎല്‍എ സ്വാദിന്‍ കൂമാറും തരുണ്‍ ഘോഷിനെ കണ്ട് അഭ്യര്‍ത്ഥന നടത്തിയ ശേഷമാണ് ബിജെപിക്ക് സ്ഥലം വിട്ടു കിട്ടിയത്. സ്ഥലം വിട്ടു കൊടുത്തതിന് സിപിഎം നേതാവ് ബിജെപിയില്‍ നിന്ന് പണം സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ മാള്‍ഡ എയര്‍സ്ട്രിപ്പില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.
സംഭവത്തെത്തുടര്‍ന്ന്, തൃണമൂല്‍ കോണ്‍ഗ്രസ് സിപിഎമ്മിനെതിരെ രംഗത്തെത്തി. സിപിഎമ്മും ബിജെപിയും ഭായ്-ഭായ് കളിക്കുകയാണെന്നാണ് തൃണമൂലിന്റെ ആരോപണം.
മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതിപക്ഷ ഐക്യ റാലിയുടെ വിജയത്തിനു പിന്നാലെ ചൊവ്വാഴ്ചയാണ് ബി.ജെ.പി റാലി നടത്തുന്നത്. റാലി തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. അതേസമയം ഹോലിക്കോപ്റ്ററിന് ഹോട്ടല്‍ ഗോള്‍ഡന്‍ പാര്‍ക്കിന് എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ ഇറങ്ങാമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.
മാള്‍ഡ എയര്‍സ്ട്രിപ്പില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഈയാഴ്ച ഹെലിക്കോപ്റ്റര്‍ ഇറങ്ങുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
ബംഗാളില്‍ കഴിഞ്ഞ മാസം ബി.ജെ.പി നടത്താനിരുന്ന രഥയാത്രയ്ക്ക് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ബിജെപി സുപ്രീം കോടതി വരെ നിയമപോരാട്ടം നടത്തിയെങ്കിലും സര്‍ക്കാര്‍ തീരുമാനം കോടതികളും ശരിവെച്ചു. തുടര്‍ന്നാണ് ബംഗാളില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പങ്കെടുപ്പിച്ചുകൊണ്ട് റാലി നടത്താന്‍ തീരുമാനിച്ചത്.
സര്‍ക്കാരിന്റെ ഹെലിക്കോപ്റ്ററുകള്‍ എല്ലാ ബുധനാഴ്ചയും മാള്‍ഡയില്‍ ഇറങ്ങുന്നുണ്ടെന്നും ഇക്കാര്യം വിശദീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ അനുമതി തേടി ബിജെപി ബി.എസ്.എഫിന് കത്ത് കൈമാറിയിട്ടുണ്ട്.