Sorry, you need to enable JavaScript to visit this website.

സ്ത്രീക്കും പുരുഷനും തുല്യവേതനം: സൗദിയില്‍ തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദം


വനിതകളുടെ ജോലി സമയം പരമാവധി രാത്രി 11 വരെയെന്നും സൗദി തൊഴില്‍ നിയമാവലി


റിയാദ്- സൗദിയില്‍ പുരുഷ ജീവനക്കാരുടേതിന് തുല്യമായ വേതനം ഇനി വനിതകള്‍ക്കും ലഭിക്കും. വേതനം നല്‍കുന്നതിലെ സ്ത്രീ പുരുഷ വിവേചനത്തിന് അന്ത്യമാകുന്നതോടെ തൊഴില്‍ വിപണി കൂടുതല്‍ ശക്തമാക്കുമെന്ന് തൊഴില്‍ മന്ത്രാലയം വിലയിരുത്തുന്നു. തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹാര്‍ദമാക്കുന്നതിന് പ്രഖ്യാപിച്ച പരിഷ്‌കരിച്ച നിയമാവലിയിലാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
സ്ത്രീകള്‍ക്ക് ജോലി ചെയ്യുന്നതിന് അനുയോജ്യമായ പുതിയ മേഖലകള്‍ ആരംഭിക്കുന്നതിന് പുറമെ, അവര്‍ക്ക് സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പു വരുത്തുന്നതിനും പുതിയ പദ്ധതി പ്രയോജനപ്പെടും. സ്ത്രീകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സ്ഥാപനങ്ങളില്‍ ഒരുക്കുന്നതിന് തൊഴിലുടമകളെ നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ നിയമാവലി പ്രതിപാദിക്കുന്നു.
ജോലിയില്‍ വനിതകളുടെ സ്വാതന്ത്ര്യം ഹനിക്കുന്ന രൂപത്തില്‍, തൊഴില്‍ നിയമാവലിക്കോ പ്രാദേശിക നിയമ വ്യവസ്ഥക്കോ വിരുദ്ധമായി അവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഉടമകള്‍ക്ക് വിലക്കേര്‍പ്പെടുത്തും. പുതിയ വനിതാ ശാക്തീകരണ നിയമപ്രകാരം ഇനി മുതല്‍ വേതന വിതരണത്തില്‍ സ്ത്രീകളോട് വിവേചനം അനുവദിക്കില്ല. അതായത് 'ഒരേ ജോലിക്ക് തുല്യ വേതനം' എന്നതാവും നയം.
ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം നമസ്‌കാര സ്ഥലം, വിശ്രമ സ്ഥലം, ടോയ്‌ലറ്റ് സൗകര്യങ്ങളുണ്ടായിരിക്കണം. കൂടാതെ ജീവനക്കാരികള്‍ക്കായി പ്രത്യേകം കൗണ്ടറുകളും തൊഴില്‍ പരിശീലന സ്ഥലവും ഒരുക്കണം. വിനോദ സഞ്ചാര മേഖലയില്‍ ശുചീകരണ ജോലികള്‍ക്കും ബാഗുകള്‍ ചുമക്കുന്നതിനും വനിതകളെ വിലക്കും. എന്നാല്‍ വനിതാ സഞ്ചാരികള്‍ക്ക് മാത്രമായുള്ള ടൂറിസ്റ്റ് ഹോമുകളില്‍ ഈ മേഖലകളിലും വനിതകള്‍ക്ക് ജോലി ചെയ്യുന്നതിന് തടസ്സമുണ്ടാകില്ല.
പുരുഷന്മാര്‍ മാത്രം ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ കൂട്ടിന് മറ്റൊരു സ്ത്രീ ഇല്ലാത്ത വിധം വനിതകള്‍ ഒറ്റക്കാകുന്ന സാഹചര്യം പാടില്ല. പുരുഷന്മാര്‍ക്ക് മാത്രം നിശ്ചയിക്കപ്പെട്ട മേഖലകളില്‍ ജോലി ചെയ്യാനും സ്ത്രീകളെ അനുവദിക്കില്ല. സുരക്ഷിതത്വം മുന്‍നിര്‍ത്തി അപകടങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ഇടയാക്കുന്ന ജോലി ചെയ്യുന്നതിനും സ്ത്രീകളെ വിലക്കണമെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു.
വ്യവസായ മേഖലകളില്‍ ഒഴികെ മറ്റുള്ള സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് ജോലി ചെയ്യാവുന്ന സമയം പരമാവധി രാത്രി 11 മണി വരെയാക്കി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നിശ്ചയിച്ചു. വ്യവസായ മേഖലയില്‍ വൈകിട്ട് ആറ് മണിക്ക് ശേഷം വനിതകളെ ജോലി ചെയ്യിക്കാന്‍ പാടില്ല. ആശുപത്രികള്‍ പോലെയുള്ള ചില മേഖലകളിലും അത്യാവശ്യ ഘട്ടങ്ങളിലും രാത്രി സമയത്ത് ജോലി ചെയ്യേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ വനിതകള്‍ക്ക് മതിയായ സുരക്ഷിതത്വം തൊഴിലുടമ ഉറപ്പു വരുത്തണം. മക്ക, മദീന എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടിവരുന്ന ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെ ജീവനക്കാരികള്‍ക്കും ഊഴം അനുസരിച്ച് രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നതിന് വിലക്കുണ്ടാകില്ലെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.  

 

Latest News