ബെയ്‌റൂത്ത്- സിറിയയില്‍ ഇസ്രായില്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ 11 സര്‍ക്കാര്‍ അനുകൂല പോരാളികള്‍ കൊല്ലപ്പെട്ടു. സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈനിക വൃത്തങ്ങള്‍ അവകാശപ്പെട്ടു. സിറിയന്‍ പ്രദേശത്തുനിന്ന് ഇസ്രായിലിലേക്ക് റോക്കറ്റ് തൊടുത്തുവെന്ന് ആരോപിച്ചാണ് തിങ്കളാഴ്ച രാവിലെ വ്യോമാക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ സിറിയക്കാരാണെന്ന് റിപ്പോര്‍ട്ടുകളില്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞ മേയ് മാസത്തിനുശേഷം ഇസ്രായില്‍ നടത്തിയ ഏറ്റവും പ്രഹരമേറിയ ആക്രമണമാണിതെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ നിരീക്ഷക സംഘം അറിയിച്ചു. തലസ്ഥാനമായ ദമസ്‌കസിനു തെക്കുള്ള ഇറാന്‍, സിറിയന്‍ സൈനിക കേന്ദ്രങ്ങളിലാണ് ഇസ്രായില്‍ യുദ്ധ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വക്താവ് റാമി അബ്ദുറഹ് മാന്‍ പറഞ്ഞു.






