കീടനാശിനി പ്രയോഗം: മരിച്ച കര്‍ഷകരുടെ കുടുംബത്തിന് സഹായവുമായി ചെന്നിത്തല

പത്തനംതിട്ട- പാടത്ത് കീടനാശിനി തെളിച്ചതിനെത്തുടര്‍ന്ന് വിഷബാധയേറ്റ് മരിച്ച രണ്ട് കര്‍ഷകരുടെ കുടുംബങ്ങളെ സമാശ്വസിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെത്തി. ദരിദ്ര കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്യാത്തതില്‍ ശക്തമായി പ്രതിഷേധിച്ച അദ്ദേഹം തന്റെ ഗാന്ധിഗ്രാം പദ്ധതിയില്‍നിന്ന് ഇരുകുടുംബത്തിനും നാലു ലക്ഷം രൂപ വീതം നല്‍കുമെന്ന് അറിയിച്ചു.

മരിച്ച സനില്‍കുമാര്‍, മത്തായി എന്നിവരുടെ വീടുകളിലാണ് ചെന്നിത്തല എത്തിയത്. ഇരുകുടുംബങ്ങളുടേയും സ്ഥിതി പരിതാപകരമാണെന്ന് അദ്ദേഹം പറഞ്ഞു. സനിലിന് വീടില്ല. പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഷെഡിലാണ് കുടുംബം താമസിക്കുന്നത്. ഇരുകുടുംബങ്ങളേയും സര്‍ക്കാരോ കൃഷിവകുപ്പോ തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇവര്‍ക്ക് വീടുവെക്കുന്നതിനായാണ് നാലുലക്ഷം നല്‍കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. കൃഷിമന്ത്രി സുനില്‍കുമാറിനെ താന്‍ ബന്ധപ്പെട്ട് കൂടുതല്‍ സഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

കൃഷി വകുപ്പിന്റെ ഡിപ്പോയില്‍നിന്ന് വാങ്ങിയ കീടനാശിനി പാടത്ത് തളിച്ചതിന് പിറ്റേന്നാണ് ഇരുവരും അവശരായി ആശുപത്രിയിലായത്. ശനിയാഴ്ച മരിച്ചു. ഒപ്പം ആശുപത്രിയിലായ നാലുപേര്‍ ചികിത്സയിലാണ്. സംഭവത്തെതുടര്‍ന്ന് കൃഷി വകുപ്പിന്റെ വളം ഡിപ്പോകളില്‍ വില്‍പന നിയന്ത്രണവും പരിശോധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 

Latest News