ശബരിമല റിവ്യൂ ഹരജി ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കും

ന്യൂദല്‍ഹി- ശബരിമല യുവതി പ്രവേശത്തിനെതിരായ റിവ്യൂ ഹരജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിക്കാന്‍ സാധ്യത. ജനുവരി 22 ന് പരിഗണിക്കേണ്ട ഹരജികള്‍ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയിലായതിനാല്‍ നീട്ടിവെച്ചെക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
ജസ്റ്റിസ് ഇന്ദു മെഡിക്കല്‍ അവധി നീട്ടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ശബരിമല വിധിയില്‍ വിയോജനക്കുറിപ്പെഴുതിയ ജസ്റ്റിസ് ഇന്ദുവിന് ഈ കേസ് വീണ്ടും വാദം കേള്‍ക്കുന്നതില്‍ താല്‍പര്യമില്ലെന്നും സൂചനയുണ്ട്. അതിനാലാണ് അവധിയില്‍ പോയതെന്നും പറയപ്പെടുന്നു.
ജസ്റ്റിസ് ഇന്ദു അവധി വീണ്ടും നീട്ടുകയാണെങ്കില്‍ ഹരജി നീണ്ടുപോകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് ഫെബ്രുവരി എട്ടിന് തന്നെ പരിഗണിക്കാന്‍ ശ്രമിക്കുന്നത്. പുതിയ ബെഞ്ച് ഇതിനായി രൂപീകരിക്കേണ്ടിവരും. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം പുതിയ ചീഫ് ജസ്റ്റിസ് അംഗമാകും. ജസ്റ്റിസ് ഇന്ദുവിന് പകരം മറ്റേതെങ്കിലും സീനിയര്‍ ജഡ്ജി വരാനാണ് സാധ്യത. 
അതേസമയം, ജസ്റ്റിസ് ഇന്ദുവിനെ നിലനിര്‍ത്തി തന്നെ കേസ് പരിഗണിക്കാനും ശ്രമമുണ്ട്. പാനലിലെ ഏക വനിതാ ജഡ്ജിയാണ് ജസ്റ്റിസ് ഇന്ദു.
 

Latest News