സെന്‍കുമാറിന്റെ മണ്ഡലം ഏത്? തെരഞ്ഞെടുപ്പിലേക്ക മാസ് എന്‍ട്രിയുമായി മുന്‍ ഡി.ജി.പി

തിരുവനന്തപുരം- ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ സീറ്റ് ഉറപ്പാക്കി മുന്‍ ഡി.ജി.പി സെന്‍കുമാര്‍. പിണറായി സര്‍ക്കാര്‍ ഡി.ജി.പി പദവിയില്‍നിന്ന് പുറത്താക്കിയ ശേഷം ഇടതുമുന്നണിയുമായും സര്‍ക്കാരുമായും ഉടക്കിലായ അദ്ദേഹം തന്റെ വജ്രായുധമെടുത്ത് സര്‍ക്കാരിനെ നേരിടാനുള്ള ഒരുക്കത്തിലാണ്.

സെന്‍കുമാര്‍ തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍ മണ്ഡലം ഉറപ്പുപറയാനാകില്ലെങ്കിലും അദ്ദേഹം കേരളത്തില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി. ആസന്നമായ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കെതിരെ വോട്ട് ചെയ്ത് വജ്രായുധം പുറത്തെടുക്കാന്‍ ഞായറാഴ്ച നടന്ന അയ്യപ്പ ഭക്ത സംഗമത്തില്‍ അദ്ദേഹം പരസ്യമായി ആഹ്വാനം ചെയ്തു. വിജയസാധ്യതയുള്ള സീറ്റ് തന്നെ നല്‍കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ ആഗ്രഹം. കുമ്മനം തിരിച്ചുവന്നില്ലെങ്കില്‍ തിരുവനന്തപുരം തന്നെ കിട്ടാനും ഏറെ സാധ്യതയാണ്. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, അടുത്ത പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പിലും ഈ വജ്രായുധവുമായി കേരളത്തില്‍നിന്ന് ഇടതുമുന്നണിയെ തുടച്ചുനീക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബി.ജെ.പിയുടെ പ്രഖ്യാപനമെങ്കിലും ഇടതുമുക്ത കേരളത്തിനാണ് സെന്‍കുമാറിന്റെ ആഹ്വാനം.

അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്ന സെന്‍കുമാര്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെപ്പോലെ ബി.ജെ.പിയുടെ കറുത്ത കുതിരയായി മാറുമെന്ന് ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ ഭയമുണ്ട്.

നിയമപോരാട്ടത്തിലൂടെ ഇടതുസര്‍ക്കാരിനേല്‍പിച്ച പ്രഹരത്തിന് പിന്നാലെ, തെരഞ്ഞെടുപ്പിലൂടെ മറ്റൊരു ആഘാതമേല്‍പിച്ച് പ്രതികാരത്തിന്റെ ഇരട്ടിമധുരം നുണയാമെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. എന്തായാലും ബി.ജെ.പി രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കുള്ള സെന്‍കുമാറിന്റെ മാസ് എന്‍ട്രിയാണ് ഞായറാഴ്ച പ്രസംഗത്തിലൂടെ തെളിഞ്ഞതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
 

Latest News