മദീന- സൗദി അറേബ്യയിൽ തിങ്കളാഴ്ച ഏഴ് മേഖലകളിൽ പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് പരിസ്ഥിതി സംരക്ഷണ, കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ദൃശ്യക്ഷമത നന്നേ കുറക്കുന്ന വിധം നജ്‌റാൻ, അൽഖസീം, ഹായിൽ വടക്കൻ അതിർത്തി, മദീന-മക്ക-അൽബാഹ പ്രവിശ്യകളുടെ കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ് വീശുക. രാജ്യത്തിന്റെ മധ്യ, വടക്ക് ഭാഗങ്ങളിൽ പൊതുവെ ആകാശം മേഘാവൃതമായിരിക്കും.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും നേരിട്ട 1380 പേർ ചികിത്സ തേടി. മദീനയിലെ 12 ആശുപത്രികളിലായാണ് ഇത്രയും പേർ ചികിത്സ തേടിയത്. ഇവരിൽ അധികപേരും ആസ്ത്മ രോഗികളാണ്. പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കുന്നതിന് ഇൻഹെയിലർ എപ്പോഴും സൂക്ഷിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.