വിദേശികള്‍ കട പൂട്ടി സൗദി വിട്ടു; വാടക നല്‍കാന്‍ വിസമ്മതിച്ച് സ്‌പോണ്‍സര്‍മാര്‍

മദീന- വാടക നല്‍കാതെ വിദേശികള്‍ നാടുവിട്ടതിനെ തുടര്‍ന്ന് ബിനാമി വ്യാപാരത്തിനു കൂട്ടുനിന്ന സൗദി പൗരന്മാര്‍ വെട്ടിലായി. വാടക നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെട്ടിട ഉടമകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്  വാണിജ്യ നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
രണ്ട് വര്‍ഷം തടവും 20 ലക്ഷം റിയാല്‍ പിഴയും വ്യവസ്ഥ ചെയ്യുന്ന ബിനാമി കേസിലെ കുറ്റങ്ങള്‍ ചുമത്തി നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. മക്ക ന്യൂസ് പേപ്പര്‍ നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തിലുള്ള  50 ഓളം കേസുകള്‍ കണ്ടെത്തി.
ഷോപ്പുകള്‍ പൂട്ടി വിദേശികള്‍ നാടുവിട്ടതിനെ തുടര്‍ന്ന് വാടകക്കായി കെട്ടിട ഉടമകള്‍  സമീപിച്ചപ്പോഴാണ് ബിനാമി ബിസിനസിന്റെ ചുരുളഴിഞ്ഞതെന്ന് സ്വദേശിയായ അബ്ദുല്‍ അസീസ് ബിന്‍ അഹ്മദ് പറഞ്ഞു.
10 ശതമാനം ലാഭ വിഹിതം നല്‍കാമെന്ന ധാരണയില്‍ വിദേശിയെ കച്ചവടം നടത്തുന്നതിന് ഒത്താശ ചെയ്ത തനിക്ക് കെട്ടിട വാടകയിനത്തില്‍ സംഭവിച്ച നഷ്ടം മൂന്നര ലക്ഷം റിയാല്‍ ആണെന്ന് ഒരു സ്വദേശി പൗരന്‍ വെളിപ്പെടുത്തി. ഇത്തരം അനുഭവങ്ങള്‍ വേറെയും സ്വദേശികള്‍ പങ്കുവെച്ചു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നാണ് ഭൂരിപക്ഷം കെട്ടിട ഉടമകളുടെയും നിലപാട്.
സാമ്പത്തിക പ്രതിസന്ധിയും ലെവിയും കാരണം വിദേശികള്‍ ഒറ്റയടിക്ക് കച്ചവടം നിര്‍ത്തിയത് കാരണം തങ്ങളുടെ വരുമാനവും നിലച്ചിട്ടുണ്ടെന്നും കൂടുതല്‍ ബാധ്യത സഹിക്കാന്‍ വയ്യെന്നും കെട്ടിട ഉടമകള്‍ പറയുന്നു. വിദേശ നിക്ഷേപ വ്യവസ്ഥകള്‍ക്കും ബിനാമി വിരുദ്ധ നിയമവും കണക്കിലെടുക്കാതെ വിദേശികള്‍ക്ക് വഴിവിട്ട സഹായം ചെയ്യുന്നവര്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്ന് നിയമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Latest News