Sorry, you need to enable JavaScript to visit this website.

സി.പി.എം നേടിയ പിന്നോക്ക സമുദായ പിന്തുണ മറികടക്കാന്‍ സംവരണവുമായി കോണ്‍ഗ്രസ്

കോഴിക്കോട്- ശബരിമലയിലൂടെ സി.പി.എം നേടിയ പിന്നാക്ക സമുദായ പിന്തുണ മറികടക്കാന്‍ കെ.എ.എസ് സംവരണത്തില്‍ നിലപാടെടുത്ത് കോണ്‍ഗ്രസും. മുസ്‌ലിം ലീഗ് നേരത്തെ തന്നെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ സംവരണ അട്ടിമറിക്കെതിരെ രംഗത്തു വന്നിരുന്നു.
ഐ.എ.എസിന് സമാനമായ നിലയില്‍ കേരളത്തില്‍ നിലവില്‍ വരുന്ന കെ.എ.എസിന്റെ മൂന്നില്‍ രണ്ട് ധാരയിലും സംവരണം നടപ്പാക്കില്ലെന്നാണ് സര്‍ക്കാറിന്റെ നിലപാട്. നിലവിലെ സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് എടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംവരണതത്വം ബാധകമാക്കാത്തത്.
സര്‍ക്കാര്‍ ജീവനക്കാരാണെന്നത് യോഗ്യത മാത്രമാണ്. കെ.എ.എസിലേക്ക് എടുക്കുക പി.എസ്.സി പരീക്ഷയിലെ റാങ്ക് പട്ടികയനുസരിച്ചാണ്.
സംസ്ഥാനത്ത് ആദ്യമായി മുന്നോക്ക സമുദായക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ പിണറായി സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തിന് അനുകൂലമാണെന്ന് വ്യക്തമാക്കുകയും മോഡി സര്‍ക്കാര്‍ കൊണ്ട് വന്ന മുന്നാക്ക സംവരണത്തെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ലമെന്റില്‍ മോഡിയുടെ മുന്നോക്ക സംവരണത്തെ കോണ്‍ഗ്രസും സി.പി.എമ്മും പിന്തുണച്ചപ്പോള്‍  യു.ഡി.എഫിലെ പ്രധാന കക്ഷികളിലൊന്നായ മുസ്‌ലിം ലീഗ് എതിര്‍ത്തു. ഇടതുമുന്നണിയിലെ സി.പി.ഐ സഭ ബഹിഷ്‌കരിക്കുകയുണ്ടായി. കേരള കോണ്‍ഗ്രസും മുന്നാക്ക സംവരണത്തെ അനുകൂലിക്കുകയാണ്.
കെ.എ.എസിലെ സംവരണത്തിനായി നിയമസഭയില്‍ ശബ്ദമുയര്‍ത്തിയ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ തീരുമാനിച്ചതോടെ ഇത് പ്രചാരണ വിഷയമായി മാറുകയാണ്. സി.പി.എമ്മിലെ പട്ടികജാതി സംഘം കെ.എ.എസ് സംവരണം ആവശ്യപ്പെടുന്നുണ്ട്. ന്യൂനപക്ഷ കമ്മീഷന്‍ പട്ടികജാതി കമ്മീഷനും സംവരണം മൂന്ന് സ്ട്രീമിലും ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല.

 

Latest News