Sorry, you need to enable JavaScript to visit this website.

സൗജന്യ വിദഗ്ധ ചികിത്സ പാഴ്‌വാക്കായി;  ചികിത്സ ലഭിക്കാതെ എൻഡോസൾഫാൻ ദുരിത ബാധിതർ

വിദഗ്ധ ചികിത്സ കിട്ടാതെ വലയുന്ന പനയാൽ നെല്ലിയടുക്കത്തെ ശിൽപ മാതാപിതാക്കളുടെ കൂടെ


കാസർകോട് - എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സൗജന്യ ചികിത്സ നൽകുമെന്ന സർക്കാർ പ്രഖ്യാപനം പാഴ്‌വാക്കാവുന്നു. വാഗ്ദാനങ്ങൾ നൽകിയത് പ്രകാരം പണം അനുവദിക്കുന്നില്ലെന്നതിനാൽ ദുരിത ബാധിതരുടെ സൗജന്യ വിദഗ്ധ ചികിത്സ വഴിമുട്ടുകയാണ്. മംഗളൂരു കെ.എം.സി ആശുപത്രി, പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ എൻഡോസൾഫാൻ ദുരിത ബാധിതരിൽ ഗുരുതരമായ രോഗം പിടിപെട്ടവർക്ക് വിദഗ്ധ ചികിത്സ നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. 
എന്നാൽ ചികിത്സ തേടി ആശുപത്രിയിൽ എത്തുന്നവർക്ക് വിദഗ്ധ ചികിത്സ നിഷേധിക്കുന്നതിനാൽ വൻതുക പുറത്തെ ചികിത്സക്കായി കണ്ടെത്തേണ്ടുന്ന ഗതികേടിലാണ് ദുരിത ബാധിതരുടെ ബന്ധുക്കൾ. പരിശോധന നടത്തിയാൽ തന്നെ ഭീമമായ തുകക്കുള്ള മരുന്ന് വാങ്ങാൻ പുറത്തേക്ക് കുറിപ്പടി കൊടുക്കുന്ന പതിവുമുണ്ട്. കണ്ണിന് കാഴ്ച നഷ്ടപ്പെട്ടവരും എല്ലു പൊടിയുന്ന രോഗം ബാധിച്ചവരും എല്ലിന് ശേഷിയില്ലാത്തതിനാൽ ശരീരം വളയുന്നവരും 
അടക്കമുള്ള രോഗികളാണ് വിദഗ്ധ ചികിത്സ കിട്ടാത്തതിനാൽ വലയുന്നത്. പനയാൽ നെല്ലിയടുക്കത്തെ ഗംഗാധരന്റെ മകൾ ശിൽപയും എന്മകജെയിലെ ശിവകുമാർ ഭട്ടിന്റെ മകൻ നവീൻ കുമാറുമെല്ലാം കഷ്ടപ്പെടുന്ന ദുരിത ബാധിരാണ്. എല്ലു പൊടിയുന്ന രോഗം ബാധിച്ച ശിൽപ രോഗം ഭേദമാകാൻ ശസ്ത്രക്രിയ നടന്നു കിട്ടാൻ കാത്തിരിക്കുകയാണ്. ലക്ഷങ്ങൾ ചെലവുള്ളതിനാൽ അധികൃതർ കൈമലർത്തുകയാണ്. പത്താം കഌസുകാരനായ നവീൻ കുമാറിന്റെ ചികിത്സക്കായി എട്ടു ലക്ഷത്തോളം രൂപ ചെലവായി. ഇനിയും കാശ് കണ്ടെത്താൻ കഴിയാതെ കുടുംബം നട്ടംതിരിയുകയാണ്. 
ആശുപത്രികൾക്ക് ഇതുവരെ ചികിത്സിച്ച പണം നൽകാത്തതിന്റെ പേരിൽ ഇരകൾക്ക് ചികിത്സ നൽകാതിരിക്കുന്നുവെന്നും പറയുന്നു. മംഗളൂരു കെ.എം.സി അധികാരികൾ കാസർകോട്ട് നിന്നുള്ള രോഗികളെ പലപ്പോഴും തിരിച്ചയച്ചത് പണം കിട്ടാത്തതിന്റെ പേരിലായിരുന്നു. മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ ചികിത്സ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചത് 2016 ലാണ്. എന്നാൽ ഗുരുതര രോഗം ബാധിച്ചവർ പലരും മരിക്കുന്നത് വിദഗ്ധ ചികിത്സ കിട്ടാതെയാണ്. പെരിയയിലെ എൻഡോസൾഫാൻ ദുരിത ബാധിതൻ മുഹമ്മദ് അൻവാസ് എന്ന കുട്ടി മരിച്ചത് ഇതിന് തെളിവാണ്. അപ്പന്റിക്‌സ് ബാധിച്ച അൻവാസിന് കൃത്യസമയത്തു ചികിത്സ നൽകാൻ കഴിഞ്ഞിരുന്നില്ല. അധികൃതർ പറയുന്നത് കേട്ട് ആശുപത്രിയിൽ എത്തിച്ചാൽ എൻഡോസൾഫാൻ അധികാരികളുടെ കത്ത് വേണമെന്ന് പറഞ്ഞു മടക്കി അയക്കുകയാണ് ചെയ്യുന്നത്. പെട്ടെന്ന് അസുഖം മൂർഛിച്ചു ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ ഓഫീസിൽ പോയി കാർഡും കത്തും വാങ്ങാൻ കഴിയുമോ എന്നാണ് ദുരിത ബാധിതരുടെ ബന്ധുക്കൾ ചോദിക്കുന്നത്. രോഗികൾക്ക് കൃത്യമായ പരിശോധന നടത്താതെയാണ് മരുന്നുകൾ നൽകുന്നത് എന്ന ആക്ഷേപവും വ്യാപകമാണ്. മൾട്ടിപ്പിൾ രോഗമുള്ള കുട്ടികൾക്ക് വരെ അഞ്ചും ആറും വർഷം മുമ്പ് എഴുതിയ മരുന്ന് തന്നെയാണ് ഇപ്പോഴും നൽകുന്നത്. പഴയ കുറിപ്പടിയിലെ മരുന്ന് തന്നെ തുടരാനാണ് നിർദേശം.

 

Latest News