ഭുവനേശ്വർ- മുൻ കേന്ദ്രമന്ത്രി ശ്രീകാന്ത് ജെന, മുൻ എം.എൽ.എ ക്രുഷ്‌ന ചന്ദ്ര സഗാരിയ എന്നിവരെ ഒഡീഷ കോൺഗ്രസ് അച്ചടക്ക സമിതി പുറത്താക്കി. ഇന്നലെ അർധരാത്രിയാണ് ഇരുവരെയും പുറത്താക്കിയെന്ന് കോൺഗ്രസിന്റെമുതിർന്ന നേതാവ് ആനന്ദ പ്രസാദ് സേത്തി വ്യക്തമാക്കിയത്. കോൺഗ്രസ് അഖിലേന്ത്യ കമ്മിറ്റിയുടെ അനുമതിയോടെയാണ് ഇരുവരെയും പുറത്താക്കിയതെന്ന് ആനന്ദ പ്രസാദ് വ്യക്തമാക്കി. മാധ്യമങ്ങളിൽ കോൺഗ്രസ് വിരുദ്ധ പ്രസ്താവന നടത്തിയതാണ് അച്ചടക്ക നടപടിക്ക് കാരണം.
ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നിരഞ്ജൻ പട്‌നായിക്കിനെതിരെ കുഷ്‌ന ചന്ദ്ര സഗാരിയ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസ് നിരഞ്ജൻ പട്‌നായിക്കിന്റെ കുടുംബസ്വത്തല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ദലിത് നേതാവായ കുഷ്‌ന ചന്ദ്ര സഗാരിയ കൊരാപുത് മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയായിരുന്നു. കഴിഞ്ഞ നവംബറിൽ എം.എൽ.എ സ്ഥാനം രാജിവെക്കുകയും ചെയ്തു. സുന്ദർഗഡ് എം.എൽ.എ ജോഗേഷ് സിംഗിനെ രണ്ട് ദിവസം മുമ്പാണ് അച്ചടക്ക നടപടി സ്വീകരിച്ച് പാർട്ടിയിൽനിന്ന് പുറത്താക്കിയത്. നേരത്തെ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ജർസുഗുഡ എം.എൽ.എയുമായ നബ കിഷോറും പാർട്ടി വിട്ട് മുഖ്യമന്ത്രി നവീൻ പട്‌നായികിന്റെ ബിജു ജനതാദളിൽ ചേർന്നിരുന്നു.






