Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് വിസ നിര്‍ത്തലാക്കാന്‍ നീക്കം

സ്‌കൂളുകളിലെ ഒഴിവുകൾ താഖാത്ത് പോർട്ടലിൽ പരസ്യപ്പെടുത്തൽ നിർബന്ധം 

റിയാദ് - സൗദിയില്‍ സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ സൗദിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി അധ്യാപക വിസ നിര്‍ത്തലാക്കാന്‍ നീക്കം. ആദ്യപടിയായി വിദ്യാലയങ്ങളിലെ ഒഴിവുകള്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ ലേബര്‍ ഗേറ്റ്വേ (താഖാത്ത്) പോര്‍ട്ടല്‍ വഴി പരസ്യപ്പെടുത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കി.  ഒഴിവുകളെക്കുറിച്ച് ഫെബ്രുവരി ഏഴിനു മുമ്പായി താഖാത്ത് പോര്‍ട്ടലില്‍ പരസ്യപ്പെടുത്തണം.
അടുത്ത വര്‍ഷം മുതല്‍ വിദേശങ്ങളില്‍നിന്ന് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിന് സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് വിസ  അനുവദിക്കില്ലെന്നാണ് സൂചന. നിക്ഷേപകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ആവശ്യമായ പിന്തുണയും സഹായവും നല്‍കുന്നതിന് പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പുകള്‍ മാനവ ശേഷി വികസന നിധിക്കു കീഴിലെ എംപ്ലോയ്മെന്റ് ഓഫീസുകളുമായി സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്.
സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ അധ്യാപക തസ്തികകള്‍ സൗദികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നതിനാണ് നീക്കം. വിസ നേടുന്നതിന് തൊഴില്‍മന്ത്രാലയത്തില്‍ സമര്‍പ്പിക്കേണ്ട സമ്മതപത്രം സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പുകള്‍ അനുവദിക്കില്ല. നിലവില്‍ സ്വകാര്യ സ്‌കൂളുകളില്‍ വിദേശ അധ്യാപകരുടെ ആധിക്യമുണ്ട്. സൗദി അധ്യാപകരുണ്ടായിട്ടും സ്വകാര്യ സ്‌കൂളുകള്‍ വിദേശ അധ്യാപകര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. സൗദിവല്‍ക്കരണം നടപ്പാക്കുക വഴി സ്‌കൂളുകളിലെ പഠന നിലവാരം മെച്ചപ്പെടുമെന്നും ആയിരക്കണക്കിന് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
സ്വകാര്യ സ്‌കൂളുകളില്‍ അഡ്മിനിസ്ട്രേറ്റീവ്, സൂപ്പര്‍വൈസിംഗ് തൊഴിലുകളും വിദ്യാര്‍ഥികളുടെ ആക്ടിവിറ്റിയുമായി ബന്ധപ്പെട്ട തസ്തികകളും സൗദികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി സ്വകാര്യ സ്‌കൂള്‍ സൗദിവല്‍ക്കരണ പദ്ധതിക്ക് അടുത്തിടെ വിദ്യാഭ്യാസ മന്ത്രാലയം തുടക്കം കുറിച്ചിരുന്നു.
നിലവില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ഒഴിവുകളെ കുറിച്ചും താഖാത്ത് പോര്‍ട്ടലില്‍ പരസ്യപ്പെടുത്തല്‍ നിര്‍ബന്ധമാണ്. നിശ്ചിത കാലം താഖാത്ത് പോര്‍ട്ടലില്‍ പരസ്യപ്പെടുത്തി, യോഗ്യരായ സൗദി ഉദ്യോഗാര്‍ഥികളെ കിട്ടാനില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് സ്ഥാപനങ്ങള്‍ക്ക് വിസ അനുവദിക്കുന്നത്.

 

 

Latest News