കൊൽക്കത്ത- ഇത്രയും പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചിരുത്താൻ കഴിഞ്ഞത് ബി.ജെ.പിയുടെ നേട്ടമാണെന്ന് യു.പി മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയും സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് ഭരണം നടത്തുന്നത്. നിങ്ങൾ ഞങ്ങളെ പ്രചോദിപ്പിച്ചിരിക്കുന്നു. പ്രതിപക്ഷ പാർട്ടികളുടെ മനോഹരമായ ബൊക്കെയാണിത്. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന റാലിയിൽ അഖിലേഷ് യാദവ് പറഞ്ഞു. യു.പിയിൽ ഒരിക്കലും സംഭവിക്കില്ലെന്ന് വിചാരിച്ച മഹാസഖ്യം സാധ്യമായിരിക്കുന്നു. അസാധ്യമായ കാര്യമാണ് കഴിഞ്ഞയാഴ്ച സംഭവിച്ചത്. ഇതിന് കാരണം ബി.ജെ.പിയാണ്. ബി.ജെ.പിയെ പുറത്താക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ബി.ജെ.പിക്കെതിരെ പോരാടുന്നവരെ സി.ബി.ഐ, എൻഫോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് എന്നിവയെ ഉപയോഗിച്ച് ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സർക്കാർ ഏജൻസികളുമായി അവിശുദ്ധ സഖ്യമുണ്ടാക്കാനുള്ള ബി.ജെ.പി നീക്കം വിലപ്പോവില്ല. ഈ ഏജൻസികളെ തങ്ങളുടെ ലക്ഷ്യത്തിന് വേണ്ടി എങ്ങിനെ വിനിയോഗിക്കാമെന്ന് ബി.ജെ.പിക്ക് നല്ല പോലെ അറിയാം. മായാവതിയുടെ എസ്.പിയുമായി സമാജ് വാദി പാർട്ടി സഖ്യമുണ്ടായക്കിയതോടെയാണ് സി.ബി.ഐയെ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എന്നാൽ സി.ബി.ഐക്കുള്ളിൽ തന്നെ നിരവധി തർക്കം നടക്കുകയാണ്. ആരാണ് സി.ബി.ഐയുടെ കാര്യം അന്വേഷിക്കുക. ബംഗാളിൽ പ്രതിപക്ഷം അതിന്റെ ശക്തി ലോകത്തെ കാണിച്ചിരിക്കുന്നു. ബംഗാളിൽ നിന്നാണ് പോരാട്ടം തുടങ്ങിയിരിക്കുന്നത്. ഈ പോരാട്ടം രാജ്യം മുഴുവൻ വ്യാപിക്കും. 2019-ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യക്ക് ഒരു പുതിയ പ്രധാനമന്ത്രിയെ ലഭിക്കും -അഖിലേഷ് പറഞ്ഞു.