കണ്ണൂർ- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കൂടുതൽ വിദേശ രാജ്യങ്ങളിലേക്കു സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി വിമാനകമ്പനികൾ ബുക്കിംഗ് ആരംഭിച്ചു. മസ്‌ക്കറ്റ്, കുവൈത്ത്, ദോഹ എന്നിവിടങ്ങളിലേക്കാണ് സർവീസ് ആരംഭിക്കുന്നത്. മസ്‌ക്കറ്റിലേക്കു ഗോ എയറും, കുവൈത്ത്, ദോഹ എന്നിവിടങ്ങളിലേക്കു ഇൻഡിഗോയുമാണ് സർവീസ് ആരംഭിക്കുന്നത്.
ഫെബ്രുവരി 28 മുതലാണ് മസ്‌ക്കറ്റ് സർവീസ്, ആഴ്ചയിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി മൂന്നു സർവീസുകളാണ് ഉണ്ടാവുക. കുവൈത്തിലേക്കു ഇൻഡിഗോ സർവീസ് മാർച്ച് 15 മുതലാണ് ആരംഭിക്കുക. ആഴ്ചയിൽ ആറു ദിവസം സർവീസുണ്ടാകും. ദോഹയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും ഇതേ ദിവസം തുടങ്ങും. നിലവിൽ ബംഗലൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കു ഗോ എയർ ആഭ്യന്തര സർവീസുകൾ നടത്തുന്നുണ്ട്. കണ്ണൂരിൽ നിന്നും അബുദാബിയിലേക്കും ഗോ എയർ സർവീസ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ട്. ഇതിനു ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവൽ എയർ ഇന്ത്യാ എക്‌സ്പ്രസ് മാത്രമാണ് കണ്ണൂരിൽ നിന്നു രാജ്യാന്തര സർവീസ് നടത്തുന്നത്. അബുദാബി, റിയാദ്, ഷാർജ എന്നിവിടങ്ങളിലേക്കാണ് സർവീസുള്ളത്.