വഖഫ് സ്ഥാപനങ്ങളുടെ സര്‍വേ ത്വരിതപ്പെടുത്തും- മന്ത്രി ജലീല്‍

കോഴിക്കോട്- സംസ്ഥാനത്തെ വഖഫ് സ്ഥാപനങ്ങളുടെ സര്‍വേ ത്വരിതപ്പെടുത്തുന്നതിനായി ഒരു മുഴുസമയ ജോയിന്റ് സര്‍വേ കമ്മീഷണറുടെ നിയമനം ഉടനെ ഉണ്ടാകുമെന്ന് ഉന്നത വഖ്ഫ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.  ഭേദഗതി ചെയ്ത 2013 ലെ കേന്ദ്ര വഖഫ് നിയമ പ്രകാരം സംസ്ഥാനത്തെ വഖഫ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കേസുകളും തീര്‍പ്പാക്കുന്നതിനുള്ള മൂന്നംഗ വഖഫ് ട്രൈബ്യൂണല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  എരഞ്ഞിപ്പാലം പാസ്‌പോര്‍ട്ട് ഓഫീസിനു സമീപം ഹൗസ് ഫെഡ് ബില്‍ഡിംഗിലാണ് ട്രൈബ്യൂണല്‍ ഓഫീസ്. കേരള ഹൈക്കോടി ജഡ്ജി ജസ്റ്റിസ് സി.കെ അബ്ദുറഹീം അധ്യക്ഷത വഹിച്ചു.
1960 ല്‍ രൂപീകൃതമായ കേരള വഖഫ് ബോര്‍ഡിന് 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കാന്‍ തുടങ്ങിയതെന്നും നമ്മുടെ നാടിന്റെ മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും പ്രതീകമാണ് വഖഫ് ബോര്‍ഡെന്നും മന്ത്രി ജലീല്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 72 ലക്ഷം രൂപയായിരുന്ന ഗ്രാന്റ് രണ്ട് കോടി രൂപയായി വര്‍ധിപ്പിച്ചെന്നും ബോര്‍ഡിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളിലും സര്‍ക്കാര്‍ വിഹിതമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

Latest News