വീണ്ടും അബദ്ധം പറഞ്ഞ് മോഡി

ന്യൂദല്‍ഹി-പ്രസംഗത്തിന്നിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വീണ്ടും അബദ്ധം പിണഞ്ഞു. പ്രതിപക്ഷത്തിന്റെ യുനൈറ്റഡ് ഇന്ത്യാ റാലിയിലെ പ്രസംഗങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് മോഡിക്ക് അബദ്ധം പറ്റിയത്. ബിജെപിക്ക് ബംഗാളില്‍ ആകെ ഒരു എംഎല്‍എ മാത്രമാണുളളതെന്നും ആ എംഎല്‍എയെ പേടിച്ചാണ് തൃണമൂല്‍ റാലി നടത്തുന്നതെന്നുമാണ് മോഡി ദാദ്ര നാഗര്‍ഹവേലിയിലെ റാലിയില്‍ പ്രസംഗിച്ചത്. 'ഒറ്റ എംഎല്‍എയെ നേരിടാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ചു കൂടിയിരിക്കുന്നു. പാര്‍ട്ടിയുടെ ഒരു എംഎല്‍എ പ്രതിപക്ഷ പാര്‍ട്ടികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ഇതിന്റെ അര്‍ത്ഥം ബിജെപി ശരിയുടെ പാതയിലൂടെ സഞ്ചരിക്കുന്നുവെന്നാണ്,' മോഡി പ്രസംഗത്തിന്നിടയില്‍ പറയുന്ന വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. 


പക്ഷെ, പശ്ചിമ ബംഗാളില്‍ ബിജെപിക്ക് മൂന്ന് എംഎല്‍എമാരുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ വെച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇനി മോഡി പറയാന്‍ ഉദ്ദേശിച്ചത് എംപിമാരുടെ എണ്ണത്തെക്കുറിച്ചാണെങ്കില്‍ അതും തെറ്റാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. മൂന്ന് എം പിമാരാണ് പശ്ചിമ ബംഗാളില്‍ നിന്ന് പാര്‍ട്ടിക്കുളളത്. ഒരാള്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രണ്ടു പേര്‍ പാര്‍ലമെന്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
 

Latest News