കൗമാരക്കാരെ തിരിച്ചു പിടിക്കാന്‍ ഫേസ് ബുക്കിന്റെ പുതിയ തന്ത്രം

ആകര്‍ഷകമായ മറ്റു സമൂഹ മാധ്യമങ്ങളിലേക്ക് പോയ കൗമാരക്കാരെ തിരിച്ചുപിടിക്കാന്‍ പുതിയ ആപ്പുമായി ഫേസ് ബുക്ക്. തമാശ വീഡിയോകളും ജിഫ് ഫയലുകളും കുസൃതികളും മൃഗങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്ന ലോള്‍ (LOL) എന്ന സോഫ്റ്റ് വെയറാണ് തെരഞ്ഞെടുത്ത 100 ഹൈ്‌സൂകള്‍ വിദ്യാര്‍ഥികളില്‍ രക്ഷിതാക്കളുടെ സമ്മതത്തോടെ ഫേസ് ബുക്ക് പരീക്ഷിക്കുന്നതെന്ന് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
സ്‌ക്രോള്‍ ചെയ്ത് കാണാനും ഷെയര്‍ ചെയ്യാനുമൊക്കെ സൗകര്യമുള്ള വീഡിയോ ബണ്ടിലുകളാണ് ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. ഫേസ് ബുക്കില്‍നിന്ന് ചെറുപ്പക്കാരെ കൊണ്ടുപോയ സ്‌നാപ് ചാറ്റിലെ ഡിസ്‌കവര്‍ ടാബിന് സമാനമാണിത്.
മാധ്യമങ്ങളില്‍നിന്നും വിനോദ സ്ഥാപനങ്ങളില്‍നിന്നുമുള്ള പ്രൊഫഷണല്‍ വീഡിയോകള്‍ ഉള്‍പ്പെടുത്തുന്ന ഫേസ് ബുക്ക് വാച്ചിന് പകരമായാണ് ലോള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഫേസ് ബുക്ക് വാച്ചിന്റെ പകരക്കാരനാണിതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ലോള്‍ ഫേസ് ബുക്കിനകത്തുണ്ടാകുമോ സ്വതന്ത്ര ആപ്പായിരിക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല.
സ്‌നാപ് ചാറ്റിലേക്കുള്ള ഒഴുക്കോടെ നഷ്ടപ്പെട്ട കൗമാരക്കാരെ തിരിച്ചുപിടിക്കാന്‍ ഫേസ് ബുക്ക് പല തന്ത്രങ്ങളും പയറ്റുന്നുണ്ടെങ്കിലും പണ്ടേ പോലെ ഫലിക്കുന്നില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

 

Latest News