കൊല്‍ക്കത്ത- ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ ഒരു വേദിയിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഘടിപ്പിച്ച റായിലെക്ക് പതിനായിരങ്ങള്‍ ഒഴുകുന്നു. രണ്ടു ഡസനോളം ദേശീയ നേതാക്കള്‍ പങ്കെടുക്കുന്ന റാലി കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ്. മമതാ ബാനര്‍ജി വേദിയിലെത്തി. 12 മണിക്കാണ് സമ്മേളനം ആരംഭിക്കുക.
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ജനതാദള്‍ സെക്കുലര്‍ നേതാവ് എച്ച്.ഡി. ദേവെഗൗഡ, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവര്‍ മമതയുടെ റാലിക്ക് പിന്തണ അറിയിച്ചിരുന്നു.
ബസുകളിലും ലോറികളിലും കാല്‍നടയായുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലേക്ക് ഒഴുകുന്നത്. സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ പല റോഡുകളിലും ഗതാഗത തടസ്സമുണ്ട്. വേദിക്കു ചുറ്റും 10,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 400 പേലീസ് പിക്കറ്റുകളും ഏര്‍പ്പെടുത്തി.