വിമാനങ്ങളുടെ എണ്ണം കുറച്ചത് റഫാല്‍ വില കൂട്ടി; കൃത്രിമ കണക്കെന്ന് ജെയ്റ്റ്‌ലി

ന്യൂദല്‍ഹി- വാങ്ങാനുദ്ദേശിച്ച വിമാനങ്ങളുടെ എണ്ണം 126 ല്‍നിന്ന് 36 ആയി കുറച്ചപ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തീരുമാനമാണ് റഫാല്‍ വിമാനങ്ങളുടെ വില 41 ശതമാനം കൂടാന്‍ കാരണമെന്ന റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തള്ളി. ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച കണക്ക് കൃത്രിമവും അസംബന്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. റഫാല്‍ വിമാനങ്ങളുടെ വില സുപ്രീം കോടതി പരിശോധിച്ചതാണെന്നും ഇപ്പോള്‍ അവ സി.എ.ജിയുടെ പരിശോധനയിലാണെന്നും ചികിത്സക്കായി അമേരിക്കയിലെത്തിയ ധനമന്ത്രി തുടര്‍ച്ചയായി ചെയ്ത ട്വീറ്റുകളില്‍ പറഞ്ഞു.
 കുറഞ്ഞ എണ്ണം വാങ്ങിയതിനാലാണു റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കു വില കൂടിയതെന്നാണ് ദ ഹിന്ദു കണക്കുകള്‍ സഹിതം വിശദീകരിച്ചത്. യു.പി.എ സര്‍ക്കാര്‍ 126 വിമാനങ്ങള്‍ വാങ്ങാനാണ്  തീരുമാനിച്ചിരുന്നത്. എന്നാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്രാന്‍സില്‍ നേരിട്ടുപോയി നടത്തിയ ഇടപാടില്‍ വിമാനങ്ങള്‍ 36 ആയി കുറച്ചു. ഇതാണ് വിമാനവിലയില്‍ 41.42 ശതമാനം വര്‍ധനയുണ്ടാക്കിയത്.
ഇന്ത്യയ്ക്ക് അനുയോജ്യമായ മാറ്റം  വരുത്തി 13 വിമാനങ്ങള്‍ നല്‍കാമെന്നും മോഡിയുടെ കരാറിലുണ്ടായിരുന്നു. ഇതാണ് വില കൂടാനുള്ള മറ്റൊരു കാരണം. റഫാല്‍ വിമാനങ്ങളുടെ വില എന്‍.ഡി.എ സര്‍ക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫ്രാന്‍സുമായുള്ള കരാറിലെ വ്യവസ്ഥകളനുസരിച്ചാണു വില ഉള്‍പ്പെടെയുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തുവിടാത്തതെന്നാണു സര്‍ക്കാരിന്റെ വാദം. എന്നാല്‍ വിമാനവില പുറത്തുവിടുന്നതില്‍ നിയന്ത്രണമില്ലെന്നു ഫ്രാന്‍സ് ചൂണ്ടിക്കാട്ടുന്നു. 126 വിമാനങ്ങളില്‍ 18 എണ്ണം പൂര്‍ണസജ്ജമായ നിലയിലും ബാക്കി 108 എണ്ണം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) നിര്‍മിക്കാനുമായിരുന്നു മുന്‍ ധാരണ.

 

Latest News