റിയാദ് - മതപരമായ കാര്യങ്ങളിലും നീതി നടപ്പാക്കുന്ന വിഷയത്തിലും രാജാവിനെയും കിരീടാവകാശിയെയും മോശമായി ചിത്രീകരിക്കുന്നവർക്ക് മന്ത്രിസഭ അംഗീകരിച്ച പുതിയ നിയമാവലി പ്രകാരം അഞ്ചു മുതൽ പത്തു വർഷം തടവ് ശിക്ഷ ലഭിക്കും.
ഭീകരാക്രമണങ്ങൾ നടത്തുകയെന്ന ലക്ഷ്യത്തോടെ ആയുധങ്ങൾ, സ്‌ഫോടക വസ്തുക്കൾ, ആണവ പദാർഥങ്ങൾ, രാസപദാർഥങ്ങൾ, ജൈവപദാർഥങ്ങൾ, വികിരണമുള്ള പദാർഥങ്ങൾ, വിഷപദാർഥങ്ങൾ, വാർത്താ വിനിമയ ഉപകരണങ്ങൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവയിൽ പരിശീലനം നേടൽ, പരിശീലനം നൽകൽ, നിർമിക്കൽ, സംയോജിപ്പിക്കൽ, വികസിപ്പിക്കൽ, കൈവശം വെക്കൽ, കടത്തൽ എന്നീ കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കും വ്യാജ രേഖകൾ നിർമിക്കുന്നവർക്കും മാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്കും യുദ്ധ, പോരാട്ട, ആയോധനകലാ പരിശീലനം നേടുന്നവർക്കും പത്തു മുതൽ ഇരുപതു വർഷം തടവാണ് നിയമാവലി അനുശാസിക്കുന്നത്.
ഭീകരർക്കും ഭീകര സംഘടനകൾക്കും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വെടിയുണ്ടകളും ആണവ പദാർഥങ്ങളും രാസപദാർഥങ്ങളും ജൈവ, വികരണ, വിഷ പദാർഥങ്ങളും എത്തിച്ചു നൽകുന്നവർക്ക് പത്തു വർഷം മുതൽ മുപ്പതു വർഷം വരെ തടവാണ് ലഭിക്കുക. ഭീകര സംഘടനകൾക്കും ഭീകരർക്കും ഭീകരപ്രവർത്തനങ്ങളുമായി ബന്ധമുള്ളവർക്കും ഒറിജിനൽ രേഖകളും വ്യാജ രേഖകളും കൈമാറുന്നവർക്കും ഇതേ ശിക്ഷയാണ് ലഭിക്കുക.
ഭീകരർക്കും ഭീകര സംഘടനകൾക്കും വാർത്താ വിനിമയ ഉപകരണങ്ങളും ജീവിതോപാധികളും താമസവും അഭയവും ചികിത്സയും യാത്രാ സൗകര്യവും യോഗം ചേരുന്നതിനുള്ള സ്ഥലവും നൽകുന്നവർക്കും മറ്റു സഹായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നവർക്കും പത്തു മുതൽ ഇരുപതു വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വെടിയുണ്ടകളും ആണവ പദാർഥങ്ങളും രാസപദാർഥങ്ങളും ജൈവ, വികരണ, വിഷ പദാർഥങ്ങളും വാർത്താ വിനിമയ ഉപകരണങ്ങളും കടത്തുന്നവർക്കും നിർമിക്കുന്നവർക്കും വികസിപ്പിക്കുന്നവർക്കും അസംബ്ലി ചെയ്യുന്നവർക്കും ഇറക്കുമതി ചെയ്യുന്നവർക്കും കൈവശം വെക്കുന്നവർക്കും പതിനഞ്ചു മുതൽ ഇരുപത്തിയഞ്ചു വർഷം വരെ തടവ് ലഭിക്കും.