കൊടക്കാട് (കാസർകോട് )- അനീതിക്കും അസമത്വത്തിനും എതിരെ നടന്ന സാമൂഹ്യ മുന്നേറ്റ ചരിത്രത്തിൽ ഉജ്വലമായ ഏടുകൾ എഴുതി ചേർത്ത പന്തിഭോജനം വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. സവർണ്ണ തമ്പുരാക്കന്മാരുടെ തീട്ടൂരം അവഗണിച്ചു ചാതുർവർണ്യ വ്യവസ്ഥിതിയെ വെല്ലുവിളിച്ചു നടത്തിയ കൊടക്കാട് പന്തിഭോജനം നടന്നത് 1939 കാലഘട്ടത്തിലാണ്. 80 വർഷം മുമ്പ് സവർണരും അവർണരും ഒരുമിച്ചിരുന്നു നടത്തിയ ഭക്ഷണം വിളമ്പൽ കീഴാള ജനതയുടെ വിമോചനത്തിന്റെ ആവേശകരമായ അടയാളമായിരുന്നു. ആ വീറുറ്റ ഏടിന്റെ സ്മരണ ഇന്നും നാളെയുമായി പുതുക്കുമ്പോൾ വീണ്ടും ഗ്രാമീണ ജനതയിൽ ആവേശം അലയടിക്കുകയാണ്. ജാതിപരമായ മേൽക്കോയ്മക്കെതിരെ നടത്തിയ കൊടക്കാട് കർഷക സമ്മേളനവും പന്തിഭോജനവും സ്വാമി ആനന്ദ തീർത്ഥന്റെ മായാത്ത സ്മരണയും ഈ നാടിനെ ഒരിക്കൽ കൂടി ആവേശം കൊള്ളിക്കുകയാണ്. കീഴാള ജനതയും ഈ സമൂഹത്തിൽ എല്ലാവരെയും പോലെ ജീവിക്കേണ്ടവർ ആണെന്ന് വിളിച്ചു പറഞ്ഞു അവരുടെ കൈപിടിച്ചു നടന്നതും സവർണ കുലജാതരായ സ്വാമി ആനന്ദതീർത്ഥൻ, ഭക്തകവി ടി എസ് തിരുമുമ്പ്, എൻ എസ് നമ്പൂതിരി തുടങ്ങിയവർ ആണെന്നതാണ് ഈ നാടിന്റെ തിളങ്ങുന്ന അധ്യായം. അക്കാലത്ത് സ്വാമി ആനന്ദ തീർത്ഥന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു കൊടക്കാടും പരിസരവും. കീഴ്ജാതിക്കാരായ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കാൻ സ്വാമി നടത്തിയ ത്യാഗങ്ങൾ ഉജ്വലമായിരുന്നു. കവിത എഴുതിയതിനു ജയിലിൽ പോകേണ്ടിവന്ന ടി.എസ് തിരുമുമ്പിന്റെ ഭാര്യ പി.സി കാർത്യായനി കുട്ടിയമ്മയും കടുത്ത പീഡനം നേരിടേണ്ടിവന്നു. എൻ എസ് നമ്പൂതിരിയുടെ ഭാര്യ പരമേശ്വരി അന്തർജ്ജനത്തിനും ഇതേ ഗതിയാണുണ്ടായത്. ജാതിയുടെ പേരിൽ നടമാടുന്ന അനീതികൾക്കെതിരെ രംഗത്തുവന്നതിന്റെ പേരിൽ സാമൂഹ്യ ഭ്രഷ്ട് കല്പിച്ചു അവരെ അകറ്റിനിർത്താൻ വരെ സവർണ മേലാളന്മാർ തയ്യാറായി എന്നതാണ് ചരിത്രം. എന്നാൽ പന്തിഭോജനത്തിൽ എതിർപ്പുകൾ തൃണവൽഗണിച്ചും ധാരാളം മുന്നോക്ക സമുദായ സ്ത്രീകൾ പങ്കെടുത്തത് സവർണറെ ഞെട്ടിച്ചിരുന്നു. കൊടക്കാട് വെള്ളച്ചാൽ റോഡ് സൈഡിൽ ഇന്ന് സ്വകാര്യ വ്യക്തിയുടെ കൈയിലുള്ള പറമ്പിലാണ് പാചകവും ഭക്ഷണം വിളമ്പലും നടന്നത്. അവർണർക്ക് വിദ്യ നേടാനുള്ള അവസരം ഇല്ലാതിരുന്ന കാലത്തെ സാമൂഹ്യ പരിഷ്‌ക്കരണ പ്രവർത്തനങ്ങൾ വലിയ മാറ്റമാണ് മലബാറിലാകെ ഉണ്ടാക്കിയത്. കീഴാളരുടെ കൂടെ സദ്യ ഉണ്ടതിന്റെ പേരിൽ പലർക്കും നഷ്ടങ്ങൾ സഹിക്കേണ്ടി വന്നെങ്കിലും അതൊന്നും അവരെ തളർത്തിയില്ല. വണ്ണാന്റെ മാറ്റിന് പ്രമാണി വിലക്ക് ഏർപ്പെടുത്തിയത് ആ സംഭവത്തിന്റെ പേരിലാണ് കണ്ണൻ പെരുവണ്ണാൻ, വണ്ണാൻ കോരൻ, കുഞ്ഞാരൻ എന്നിവരാണ് വീട് പട്ടിണിയാകും വിധം വിലക്കിന് ഇരയായത്. ജന്മിയുടെ വിലക്കുകൾ തള്ളി കർഷക സമര പോരാട്ടങ്ങളിൽ ഒരു ജനത മുഴുവൻ ഇറങ്ങി തിരിച്ചത് കേരളത്തിൽ അയിത്തത്തിനും അനാചാരങ്ങൾക്കും എതിരെ നടന്നുവന്നിരുന്ന സമരങ്ങൾക്ക് ഊർജം പകരുന്നതായിരുന്നു.