തിരുവനന്തപുരം- സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്ത് ഇടത് സ്ഥാനാർഥിയാകുമെന്ന് സൂചന. ശക്തമായ ത്രികോണ മൽസര സാധ്യത നിലനിൽക്കുന്ന തിരുവനന്തപുരത്ത് ജനകീയനായ സ്ഥാനാർഥി തന്നെ എത്തണമെന്ന നിലപാടിലാണ് പാർട്ടി നേതൃത്വവും, മുന്നണി നേതൃത്വവും. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് പന്ന്യനെ വീണ്ടും രംഗത്തിറക്കി മൽസരം കൊഴുപ്പിക്കാൻ സി.പി.ഐ ആലോചിക്കുന്നത്. എന്നും മുന്നണിക്ക് തലവേദന സൃഷ്ടിക്കുന്ന തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാർഥിയെ നിർത്തണമെന്ന് സി.പി.എം നേതൃത്വവും സി.പി.ഐ നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുണ്ട്. മികച്ച സ്ഥാനാർഥിയെ കണ്ടെത്താൻ സാധിക്കാത്ത പക്ഷം സർവ്വസമ്മതനായ പൊതുസ്വതന്ത്രനെ മൽസരിപ്പിക്കണമെന്ന നിർദ്ദേശം സി.പി.എം നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് ജനകീയ നേതാവായ പന്ന്യൻ രവീന്ദ്രനെ തിരുവനന്തപുരത്ത് മൽസരിപ്പിക്കാൻ പാർട്ടിയും ആലോചിക്കുന്നത്. അതേസമയം ഇക്കാര്യത്തിൽ പന്ന്യൻ നിലപാട് വ്യ ക്തമാക്കിയിട്ടില്ലെന്നാണ് സൂചന. മൽസരിക്കാനില്ലെന്ന നിലപാടിലാണ് പന്ന്യനെങ്കിലും പാർട്ടി നേതൃത്വം തീരുമാനമെടുത്താൽ അംഗീകരിച്ചേക്കും. പന്ന്യൻ മൽസര രംഗത്തിറങ്ങിയില്ലെങ്കിൽ മാത്രം മറ്റൊരു സ്ഥാനാർഥിയിലേക്ക് എത്തിയാൽ മതിയെ ന്ന നിലപാടിലാണ് പാർട്ടി. പൊതു സ്വതന്ത്രനെ മൽസര രംഗത്തിറക്കുന്നതിനോട് പാർട്ടി നേതൃത്വത്തിന് അത്ര താൽപ്പര്യമില്ല. കഴിഞ്ഞ തവണത്തെ അനുഭവം കൂടി മുന്നിലുള്ളതിനാൽ ഇക്കാര്യത്തിൽ ഇനി കൈ പൊള്ളാനില്ലെന്ന നിലപാടിലാണ് പാർട്ടി. മാത്രവുമല്ല ദേശീയ രാഷ്ട്രീയത്തിൽ സി.പി.ഐക്ക് പ്രസക്തിയുണ്ടാകണമെങ്കിൽ പാർട്ടി നേതൃത്വത്തിൽ നിന്ന് ആരെങ്കിലും മൽസരിച്ച് വിജയിക്കണമെന്ന നിലപാടും പാർട്ടിയ്ക്കുണ്ട്.
ശക്തമായ ത്രികോണ മൽസരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം. എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ഒരുപോലെ ശക്തി തെളിയിക്കുന്ന മണ്ഡലം. അതുകൊണ്ട് തന്നെ തിരുവനന്തപുരം എന്നും ഒരു പ്രതിസന്ധിയാണ് മുന്നണികൾക്ക് സൃഷ്ടിക്കുന്നത്. സമുദായ വോട്ടുകൾ ലക്ഷ്യം വച്ച് കഴിഞ്ഞ തവണ എൽ.ഡി.എഫ് ഡോ. ബെനറ്റ് എബ്രഹാമിനെ സ്ഥാനാർഥിയാക്കിയപ്പോൾ ഒപ്പം വൻ വിവാദങ്ങളും തലപൊക്കിയിരുന്നു. ഒടുവിൽ ബി.ജെ.പിക്കും പിന്നിലായാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ ഫിനിഷ് ചെയ്തത്. ശശി തരൂരും ബെനറ്റ് എബ്രഹാമും, ഒ. രാജഗോപാലും ശക്തമായ മൽസരം കാഴ്ചവെച്ച തിരുവനന്തപുരത്ത് ഒടുവിൽ ശശി തരൂർ 15470 വോട്ടുകൾക്കാണ് വിജയക്കൊടി നാട്ടിയത്. ശശി തരൂരിന് 297806 വോട്ടും, ഒ. രാജഗോപാലിന് 282336 വോട്ടും, ബെനറ്റ് എബ്രഹാമിന് 248941 വോട്ടും ലഭിച്ചു. ആദ്യമായി കേരളത്തിന് നിന്ന് ബി.ജെ.പി ലോക്‌സഭയിലേ യ്ക്ക് അക്കൗണ്ട് തുറക്കും എന്ന് കൂടി വോട്ടെണ്ണലിന്റെ ഓരോ നിമിഷവും തോന്നിപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. ഒടുവിൽ ബി.ജെ.പിക്കും പിന്നിലായി എൽ.ഡി.എഫ് ഫിനിഷ് ചെയ്തതോടെ സി.പി.ഐയിൽ അത് വൻ വിവാദത്തിനും വഴിവെച്ചു. തുടക്കം മുതൽ ഉണ്ടായിരുന്ന പേയ്‌മെന്റ് സീറ്റ് ആരോപണം സജീവമായതോടെ സി. ദിവാകരൻ, മുൻ ജില്ലാ സെക്രട്ടറിമാരായിരുന്ന പി. രാമചന്ദ്രൻനായർ, വെഞ്ഞാറമ്മൂട് ശശി എന്നിവർക്കെതിരെ പാർട്ടി അച്ചടക്ക നടപടിയുമുണ്ടായി. ഇതെത്തുടർന്ന് ദിവാകരൻ ഒഴികെയുള്ള രണ്ട് പേരും പാർട്ടി വിട്ട് പോകുകയും ചെയ്തു. ഈ മുൻ അനുഭവങ്ങൾ ഉണ്ടായതു കൊണ്ട് തന്നെ സ്ഥാനാർഥി നിർണ്ണയത്തിലും ഏറെ കരുതൽ പുലർത്താനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം.