കണ്ണൂര്‍- ഏറ്റവും ഒടുവില്‍ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിവാദം സൃഷ്ടിച്ച ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിന്‍ കണ്ണൂരിലെത്തുന്നു. ഈ മാസം 24 മുതല്‍ 29വരെ ബര്‍ണശ്ശേരിയിലെ നായനാര്‍ അക്കാദമിയില്‍ സംഘടിപ്പിക്കുന്ന കൈരളി ഇന്‍ര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ മുഖ്യാതിഥിയായി തസ്ലീമ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് അവരുമായി സംവദിക്കാന്‍ അവസരമുണ്ടാകും. ഉത്തര കേരളത്തിലെ പൊതുചടങ്ങില്‍ ആദ്യമായാണ് തസ്ലീമ പങ്കെടുക്കുന്നത്. 56 വയസ്സായെന്നും നിരീശ്വര വാദിയായെ തന്നെ ശബരിമലയില്‍ കയറാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തസ്ലീമ നസ്‌റീന്‍ സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ പോസ്റ്റ് വിവാദമായിരുന്നു.
നോവലിലൂടെ മതനിന്ദ നടത്തി വിവാദം സൃഷ്ടിച്ച ശേഷം 1994ല്‍ ബംഗ്ലാദേശ് വിട്ട് സ്വീഡിഷ് പൗരത്വം നേടിയ തസ്ലീമ 20 വര്‍ഷമായി യുഎസിലും യൂറോപ്പിലും ഇന്ത്യയിലുമായാണ് കഴിയുന്നത്.