റിയാദ് - പൂർണമായും പ്രാദേശികമായി നിർമിച്ച വൈദ്യുതി ട്രാൻസ്‌ഫോർമറുകളുടെ ആദ്യ ബാച്ച് കമ്മീഷൻ ചെയ്യുന്നതിന് തയാറായതായി സൗദി ഇലക്ട്രിസിറ്റി കമ്പനിക്കു കീഴിലെ നാഷണൽ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി അറിയിച്ചു. ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സൗദി പവർ ട്രാൻസ്‌ഫോർമേഴ്‌സ് കമ്പനിക്കു കീഴിൽ ദമാമിലുള്ള സൗദി ട്രാൻസ്‌ഫോർമർ ഫാക്ടറിയാണ് ട്രാൻസ്‌ഫോർമറുകൾ നിർമിച്ചത്. ആദ്യ ബാച്ച് ആയി 67 മെഗാവോൾട്ട് ആംപിയർ ശേഷിയുള്ള ഒമ്പതു ട്രാൻസ്‌ഫോർമറുകളാണ് നിർമിച്ചത്. രാജ്യത്ത് ഹൈടെൻഷൻ വൈദ്യുതി ശൃംഖല ശക്തിപ്പെടുത്തുന്നതിന് പുതിയ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കും. ട്രാൻസ്‌ഫോർമറുകൾ വാങ്ങുന്നതിന് സൗദി പവർ ട്രാൻസ്‌ഫോർമേഴ്‌സ് കമ്പനിയുമായി സൗദി ഇലക്ട്രിസിറ്റി കമ്പനി ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് ആദ്യ ബാച്ച് ട്രാൻസ്‌ഫോർമറുകൾ കമ്പനി നിർമിച്ചു നൽകിയിരിക്കുന്നത്. സൗദിയിൽ ആദ്യമായി നിർമിക്കുന്ന ട്രാൻസ്‌ഫോർമറുകളാണിവ.
സൗദിയിൽ വൈദ്യുതി വ്യവസായ സാങ്കേതിക വിദ്യകളുടെ സ്വദേശിവൽക്കരണ ദിശയിലുള്ള പ്രധാന ചുവടുവെപ്പാണ് ഇത്തരത്തിൽ പെട്ട ട്രാൻസ്‌ഫോർമറുകളുടെ നിർമാണമെന്ന് നാഷണൽ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി വൈസ് പ്രസിഡന്റ് എൻജിനീയർ വലീദ് അൽസഅദി പറഞ്ഞു. എല്ലാവിധ ഗുണമേന്മാ പരിശോധനകളും ട്രാൻസ്‌ഫോർമറുകൾ വിജയകരമായി പൂർത്തിയാക്കി. 100 മെഗാവോൾട്ട് ആംപിയൻ ശേഷിയുള്ള ട്രാൻസ്‌ഫോർമറുകൾ നിർമിക്കുന്ന സൗദിയിലെ ഏക ഫാക്ടറിയാണ് സൗദി പവർ ട്രാൻസ്‌ഫോർമേഴ്‌സ് കമ്പനി ഫാക്ടറിയെന്നും എൻജിനീയർ വലീദ് അൽസഅദി പറഞ്ഞു. ട്രാൻസ്‌ഫോർമർ നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളിൽ 20 ശതമാനത്തോളം പ്രാദേശിക ഫാക്ടറികളിൽ നിന്നാണ് ലഭ്യമാക്കുന്നതെന്ന് സൗദി പവർ ട്രാൻസ്‌ഫോർമേഴ്‌സ് കമ്പനി സി.ഇ.ഒ ഹുസാം അൽശൈഖ് പറഞ്ഞു.