Sorry, you need to enable JavaScript to visit this website.

കോഴിക്കോട് വിമാനത്താവളത്തെ തകര്‍ക്കുന്ന ലോബിയെ ചെറുക്കാന്‍ കഴിഞ്ഞു -എം.കെ.രാഘവന്‍

ജിദ്ദ- പൊതു മേഖലാ സ്ഥാപനമായതിനാല്‍ കോഴിക്കോട് വിമാനത്താവളത്തെ തകര്‍ക്കുന്നതിന് അജ്ഞാത ലോബി പ്രവര്‍ത്തിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എം.കെ. രാഘവന്‍ എം.പി. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നര വര്‍ഷത്തോളം വലിയ വിമാനങ്ങളുടെ സര്‍വീസ് മുടങ്ങാന്‍ ഇടയായത് ഇക്കാരണത്താലാണ്. ലോബിക്കു പിന്നില്‍ ആരാണെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് മലബാറിലെ ജനപ്രതിനിധികളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് കഴിഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇന്ധന നികുതി കോഴിക്കോടിന്റേത് 28 ശതമാനമായിരിക്കെ, കണ്ണൂരിന്റേത് ഒരു ശതമാനമായി കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി എത്രയും വേഗം പിന്‍വലിക്കണം. അതല്ലെങ്കില്‍ കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ കണ്ണൂരിലേക്ക് പോകുന്നതിനും അത് മലബാറിന്റെ വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനും ഇടയാക്കും. ഈ  ആവശ്യം  ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിട്ടുണ്ട്. ഇടതു ജനപത്രതിനിധികളടക്കം എല്ലാവരും ഇതിനെതിരെ പ്രതികരണിക്കണമെന്ന ആവശ്യത്തോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യയുടെ കോഴിക്കോട്-ജിദ്ദ സര്‍വീസ് എത്രയും വേഗം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട പഠനങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. സര്‍വീസ് ഉടന്‍ ആരംഭിക്കണമെന്ന ആവശ്യത്തോട് എയര്‍ ഇന്ത്യയില്‍നിന്ന് അനുകൂല പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്.
നിരന്തരമായുള്ള ഇടപെടലുകള്‍കൊണ്ടാണ് സൗദിയ കോഴിക്കോട് നിന്ന് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ അമിത നിരക്കാണ് അവര്‍ ഇപ്പോള്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്. എയര്‍ ഇന്ത്യകൂടി സര്‍വീസ് ആരംഭിച്ചാല്‍ ഇതില്‍ കുറവുണ്ടാവും. എര്‍ലൈനുകളുടെ അനിയന്ത്രിതമായ ടിക്കറ്റ് നിരക്ക് വര്‍ധന നിയന്ത്രിക്കുന്നതിന് റഗുലേറ്ററി അതോറിറ്റി ആവശ്യമാണ്. ഈ ആവശ്യത്തിനായി പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നുവെന്നും ഇതിനായുള്ള പരിശ്രമം തുടരുമെന്നും എം.കെ. രാഘവന്‍ പറഞ്ഞു.
ഹജ് എംബാര്‍ക്കേഷന്‍ പോയന്റ് വീണ്ടും കോഴിക്കോടിന് ലഭിച്ചത് ആശ്വാസകരമാണ്. 85 ശതമാനം ഹാജിമാരും മലബാറില്‍നിന്നുമാണ്. അവര്‍ക്കിത് ഏറെ സഹായകരമാണ്. കേരളത്തില്‍നിന്നുള്ള ആദ്യ ഹജ് വിമാനം കോഴിക്കോട് നിന്നാവണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.

 

Latest News