Sorry, you need to enable JavaScript to visit this website.

ലോകം ശ്രദ്ധിച്ച രാഹുലിന്റെ യു.എ.ഇ സന്ദര്‍ശനം

രാഹുൽ ഗാന്ധിയുടെ യു.എ.ഇ സന്ദർശനം കോൺഗ്രസ്, ലീഗ് അനുഭാവികൾക്കെന്ന പോലെ ഇന്ത്യൻ മതേതരത്വത്തെ സ്‌നേഹിക്കുന്നവർക്കും രാഹുൽ ഗാന്ധിക്കു തന്നെയും പുത്തനുണർവ് പകരുന്നതായിരുന്നു. 
യു.എ.ഇയിലെ ത്രിദിന സന്ദർശന വേളയിൽ രാഹുൽ നടത്തിയ ഓരോ ചുവടുകളും സംവാദങ്ങളും പക്വതയാർന്ന ഒരു രാഷ്ട്രീയ നേതാവിലേക്കുള്ള വളർച്ചയുടെ പ്രകടനാത്മകത വ്യക്തമാക്കുന്നതായിരുന്നു. ഒരേ സമയം തൊഴിലാളികളോടും യുവത്വത്തോടും കൗമാരത്തോടും രാഷ്ട്ര തന്ത്രജ്ഞരോടും സംവദിച്ചുകൊണ്ട് സാമ്പ്രദായിക രാഷ്ട്രീയ ശീലങ്ങളെ മാറ്റിയെഴുതാനുള്ള ശ്രമവും രാഹുൽ നടത്തി. അതോടൊപ്പം ഇന്ത്യയുമായുള്ള യു.എ.ഇയുടെ സൗഹൃദവും ഗാന്ധി കുടുംബത്തോടുള്ള യു.എ.ഇ ഭരണകർത്താക്കളുടെ താൽപര്യവും ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതിനും സാധിച്ചു. യാതൊരുവിധ അധികാരവുമില്ലാത്ത ഒരു രാഷ്ട്രീയ നേതാവിന് യു.എ.ഇ ഭരണകർത്താക്കൾ നൽകിയ സ്വീകരണം ഇതു വിളിച്ചോതുന്നതായിരുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും രാഹുലിന്റെ യു.എ.ഇ സന്ദർശനം ഒരു ചരിത്ര സംഭവമായി മാറിയെന്നു മാത്രമല്ല, ലോകം അതു ശ്രദ്ധിക്കുകയും ചെയ്തു എന്നു വേണം വിലയിരുത്താൻ. 

http://malayalamnewsdaily.com/sites/default/files/2019/01/17/gulfpuls.jpg
യു.എ.ഇ ഭരണകൂടം 2019 ൽ പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷാചരണ വേളയിൽ തന്നെ മഹാത്മാഗന്ധിയുടെ സഹിഷ്ണുതാ സന്ദേശം ലോകത്തിനു മുൻപിൽ ഭംഗിയായി അവതരിപ്പിക്കാൻ രാഹുലിന് സാധിച്ചു. ഇതോടനുബന്ധിച്ച് ഇന്ത്യൻ സമൂഹം ഒരുക്കിയ സാംസ്‌കാരിക പരിപാടി യു.എ.ഇയുടെ സഹിഷ്ണുതാ വർഷാചരണത്തിന് മാറ്റു കൂട്ടുന്നതുമായി. കുറഞ്ഞ ദിവസം കൊണ്ട് പതിനായിരങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി ആവേശം പകരുന്ന കാഴ്ചയൊരുക്കി ഇന്ത്യയുടെ വൈവിധ്യങ്ങളിലെ ഏകത്വം പ്രകടമാക്കുന്നതിന് സംഘാടകർക്കും കഴിഞ്ഞുവെന്നതാണ് സത്യം. 
ടെലി പ്രോംറ്ററിന്റെയോ, പ്രസംഗ പീഠത്തിന്റെയോ  സഹായമില്ലാതെ ജനങ്ങളുമായി നേരിട്ട് സംവദിച്ചുകൊണ്ട് അവരുടെ ഹൃദയങ്ങളിലേക്ക് അടുക്കാനുള്ള ശ്രമമാണ് രാഹുൽ ഗാന്ധി യു.എ.ഇ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പതിനായിരങ്ങൾക്കു മുന്നിൽ നടത്തിയത്. താൻ സംവദിക്കുന്ന സമൂഹത്തിന്റെ വികാരം തിരിച്ചറിഞ്ഞുകൊണ്ട് അവരുടെ  ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും നിറം ചാർത്തും വിധത്തിലുള്ള വാക് പാടവവും അര മണിക്കൂറിലേറെ നീണ്ട തന്റെ പ്രസംഗത്തിൽ പ്രകടമാക്കാനും രാഹുലിനായി. യു.എ.ഇയിലെ പ്രവാസികളെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള പ്രവാസികളുടെ മനം കവരുന്നതായിരുന്നു രാഹുലിന്റെ ഓരോ വാക്കുകളും. 
രാജ്യ പുനർനിർമാണത്തിൽ പ്രവാസികൾക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്നും കോൺഗ്രസ് അധികാരത്തിൽ വന്നാൽ അതിനായി പ്രവാസികൾക്ക് ഭരണത്തിൽ പങ്കാളിത്തം  ഉറപ്പാക്കുമെന്നുമുള്ള രാഹുലിന്റെ പ്രഖ്യാപനത്തെ നിറഞ്ഞ കൈയടിയോടെയാണ് പ്രവാസികൾ ഏറ്റുവാങ്ങിയത്. 'പ്രവാസികൾ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചാൽ അതു രാജ്യത്തിന്റെ മൊത്തം വിഷമമാണ്. പ്രവാസി ജീവിത വളർച്ചയിലൂടെ ഉണ്ടാകുന്ന വളർച്ചയാണ് രാജ്യത്തിന്റെ വളർച്ച. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ പ്രവാസികൾ ഒന്നിച്ചു നിൽക്കേണ്ടത് അനിവാര്യതയാണ്. നാടിന്റെ വികസനത്തിനായി ഇത്രയേറെ സംഭാവനകൾ നൽകിയ വേറൊരു സമൂഹമില്ല. അതുകൊണ്ടു തന്നെ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടേണ്ടതാണ്'. അങ്ങനെ പ്രവാസികളുടെ വികാരവായ്പുകളെ തൊട്ടുണർത്തിയായിരുന്നു രാഹുൽ അവരുമായി സംവദിച്ചത്.  അധികാരത്തിലെത്തിയാൽ, പ്രവാസികൾക്ക് രാജ്യസഭയിലടക്കം ജനപാതിനിധ്യ സഭകളിൽ പ്രാതിനിധ്യം നൽകുമെന്ന പ്രഖ്യാപനത്തെ നിറഞ്ഞ കൈയടിയോടെയാണ് പ്രവാസികൾ ഏറ്റുവാങ്ങിയത്.  
സഹിഷ്ണുത എന്ന വാക്കിന് വളരെ പ്രാധാന്യമുണ്ട്. എന്താണ് സഹിഷ്ണുത? മറ്റുള്ളവരെ കേൾക്കുകയാണ് സഹിഷ്ണുത. യു.എ.ഇ സഹിഷ്ണുതാ വർഷാചരണം നടത്തുന്ന വേളയിൽ നമ്മുടെ രാജ്യത്തിന് അത് നഷ്ടമായിരിക്കുന്നു. നിലവിലെ ഭരണാധികാരികൾ അത് ഇല്ലാതാക്കി. അത് പുനഃസ്ഥാപിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ജനങ്ങളെ വിഭജിക്കുന്ന ഭരണകൂടത്തിന് നിലനിൽക്കാൻ അർഹതയില്ല. മതത്തിന്റെയും ജാതിയുടെയും പേരിൽ രാജ്യം വിഭജിക്കപ്പെട്ടിരിക്കുകയാണ്. അത്തരം ഭിന്നതകൾ രാജ്യത്തെ വിജയത്തിലേക്കല്ല പരാജയത്തിലേക്കാണ് നയിക്കുകയെന്ന് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഇന്ത്യൻ സമൂഹത്തെ സാക്ഷി നിർത്തി ക്രിക്കറ്റ് ടീമിന്റെ വിജത്തിന് ടീം അംഗങ്ങളുടെ ഒത്തൊരുമയെയും ആശയവിനിമയത്തെയും പരാമർശിച്ചുകൊണ്ട് രാഹുൽ നടത്തിയ പരാമർശം ശ്രദ്ധേയമായിരുന്നു. ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ, ബാറ്റ്‌സ്മാൻ ബൗളറോടും ബൗളർ ഫീൽഡറോടും സംസാരിച്ചില്ലെങ്കിൽ ആ ടീമിന് വിജയിക്കാനാവില്ല. ഒരു രാജ്യത്തിന്റെ വിജയത്തിനും ഇത്തരം ആശയവിനിമയം പ്രധാനമാണെന്ന് നിലവിലെ കേന്ദ്ര സർക്കാരിനെ ഓമർപ്പെടുത്താനും രാഹുൽ മറന്നില്ല. 
എന്റെ ഹൃദയവും ചെവിയും എന്നും നിങ്ങൾക്കായി തുറന്നിരിക്കും. എങ്ങനെ നിങ്ങളെ സഹായിക്കാമെന്ന് മാത്രം പറഞ്ഞാൽ മതി. നിങ്ങളെ സേവിക്കാനായി എപ്പോഴും ഞാൻ കാത്തിരിക്കും. ലോകത്താകമാനമുള്ള ഇന്ത്യക്കാരുടെ അഭിപ്രായം കേട്ടുകൊണ്ടായിരിക്കും കോൺഗ്രസ് പ്രകടനപത്രിക തയാറാക്കുകയെന്നും പ്രവാസികളുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും പ്രശ്‌നങ്ങൾ അഭമുഖീകരിച്ചുള്ളതായിരിക്കും ആ പത്രികയെന്നും  രാഹുൽ വ്യക്തമാക്കിയതിലൂടെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ പരിഗണിക്കാനും കേൾക്കാനും തയാറാണെന്നു കൂടി അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. 
ജബൽ അലിയിലെ ലേബർ ക്യാമ്പിലുള്ള തൊഴിലാളികളെ കാണാനും വിദ്യാർഥികളുമായി സംവദിക്കാനും സമയം കണ്ടെത്തിയതിലൂടെ രാജ്യം എപ്പോഴും തൊഴിലാളികളെയും പുതുതലമുറയെയുമാണ് കൂടുതലായി കേൾക്കേണ്ടതെന്നും അവരുടെ ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടതെന്നുമുള്ള സന്ദേശം കൂടി നൽകാൻ രാഹുലിനായി. ജനങ്ങളെ ഒന്നിപ്പിച്ചു നിർത്തുകയും സാംസ്‌കാരിക വൈവിധ്യം സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന, കാർഷിക മേഖലയിലും തൊഴിലിടങ്ങളിലും അഭിവൃദ്ധി കൊണ്ടുവരുന്ന ഒരു യുവ നേതാവിനെയാണ്  ഇന്ത്യക്കിപ്പോൾ വേണ്ടതെന്ന സന്ദേശം നൽകുന്നതിനും അതിനു താൻ പ്രാപ്തനാണെന്നും തെളിയിക്കാൻ രാഹുലിന് യു.എ.ഇയിൽ നടത്തിയ ചരിത്ര സന്ദർശനം കൊണ്ടായിട്ടുണ്ടെന്നു വേണം പറയാൻ..

Latest News