ബിന്ദുവും കനക ദുര്‍ഗയും സുപ്രീം കോടതിയിലേക്ക്‌

തിരുവനന്തുരപുരം- ശബരിമലയില്‍ കയറിയ ശേഷം, ഭീഷണിയും പ്രതിഷേധവും കനത്തതിനെ തുടര്‍ന്ന് കനകദുര്‍ഗ്ഗയും ബിന്ദുവും സുരക്ഷ തേടി സുപ്രീം കോടതിയിലേക്ക്. സുപ്രീം കോടതി നാളെ ഇരുവരുടെയും വാദം കേള്‍ക്കും.

ജനുവരി രണ്ടിന് ശബരിമലയില്‍ പ്രവേശിച്ച ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായ ശക്തമായ പ്രതിഷേധങ്ങളാണ് ഇരുവര്‍ക്കുമെതിരെ നടക്കുന്നത്. അവധി ദിവസം കഴിഞ്ഞതിന് ശേഷം ഭര്‍തൃ വീട്ടിലെത്തിയ കനക ദുര്‍ഗ്ഗയെ അമ്മായി അമ്മ പട്ടിക കൊണ്ട് തലക്കടിച്ച് പരിക്കേല്‍പിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് വിദഗ്ധ ചികില്‍സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോവും വഴി ആംബുലന്‍സ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.  

ശബരിമല ദര്‍ശനം നടത്തിയ ശേഷം കേരളത്തിലുടനീളമുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് ബിന്ദുവും കനകദുര്‍ഗയും അജ്ഞാതവാസത്തിലായിരുന്നു. ഞായറാഴ്ച ആര്‍പ്പോ ആര്‍ത്തവ വേദിയിലാണ് ഇവര്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. നിലവില്‍ രണ്ടു പേര്‍ക്കും പൊലീസ് കാവല്‍ ഉണ്ട്. ധര്‍മ്മടം പോലീസാണ് ബിന്ദുവിന് സംരക്ഷണം നല്‍കുന്നത്. ബിന്ദു പഠിപ്പിക്കുന്ന  തലശ്ശേരി പാലയാട് യൂനിവേഴ്‌സിറ്റി  കാമ്പസിന്റെ പ്രധാന ഗേറ്റിലും കോളേജ് പരിസരത്തും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.  കനകദുര്‍ഗയുടെ അങ്ങാടിപ്പുറത്തുളള വീട് പെരിന്തല്‍മണ്ണ പൊലീസിന്റെ കാവലിലാണ്.പെരിന്തല്‍മണ്ണക്കടുത്തുളള ആനമങ്ങാട്  സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിലെ സെയില്‍സ് മാനേജറാണ് കനക ദുര്‍ഗ്ഗ.

 

Latest News