Sorry, you need to enable JavaScript to visit this website.

സൗദി സാംസ്‌കാരിക ഗരിമ വിളിച്ചോതി ഹസയിൽ വനിതകളുടെ ചുമർചിത്രങ്ങൾ  

ചുമരിൽ വിരിഞ്ഞ ഭാവന... ബൈത്തുസ്സഖാഫ മതിലിൽ വിരിഞ്ഞ യുവതികളുടെ കരവിരുത്‌


അൽഹസ - ഇതൊരു വനിതാ മതിലിന്റെ കഥയല്ല. പക്ഷേ ഈ മതിൽ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നതിൽ ഭൂരിപക്ഷവും യുവതികളാണെന്നതാണ് ഇതിന്റെ പ്രത്യേകത. പൗരാണികതയുടെ പടം പൊഴിച്ചു കളയാതെ അകത്തളങ്ങളിൽ അവശേഷിക്കുന്ന പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ശൽക്കങ്ങൾ സമകാലിക തലമുറക്കു കാട്ടിക്കൊടുക്കുകയെന്ന ദൗത്യമാണ് ഇവർ ഏറ്റെടുത്തിരിക്കുന്നത്. അതിനായി അവർ കണ്ടെത്തിയ മാധ്യമമാണ് ചുമർചിത്രങ്ങൾ.
അതിനായി അൽ ഹസയുടെ ചരിത്രത്തിലെ ആദ്യ ചുമർചിത്രങ്ങൾ രൂപപ്പെടുത്താൻ തെരഞ്ഞെടുത്തിരിക്കുന്നത് സൗദിയിലെ തന്നെ ഏറ്റവും പുരാതനവും കിഴക്കൻ പ്രവിശ്യയിലെ പ്രഥമ വിദ്യാലയവുമായിരുന്ന അൽഅമീരിയ്യ സ്‌കൂളിന്റെ മതിലുകളാണ് എന്നതാണ് ഏറെ ശ്രദ്ധേയം. അൽ അമീരിയ്യ സ്‌കൂളിനോട് ചേർന്നു കിടക്കുന്നതും ഹസയിലെ ആദ്യകാലത്തെ പ്രൈമറി സ്‌കൂളും പിന്നീട് വിദ്യാഭ്യാസ ട്രെയിനിംഗ് കേന്ദ്രവുമായി പ്രവർത്തിച്ചിരുന്ന കിംഗ് ഫൈസൽ സ്‌കൂളിന്റെ മതിലുകളും ഇവർ ഛായാചിത്രങ്ങൾക്കായി തെരഞ്ഞെടുത്തിട്ടുണ്ട്.
ഹിജ്‌റ വർഷം 1360 മുഹർറം 11 ന് പ്രവർത്തനമാരംഭിച്ച അൽ അമീരിയ്യ വിദ്യാലയത്തിനു സൗദി ചരിത്രത്തിൽ പ്രത്യേക പരിഗണനയുണ്ട്. സർക്കാർ മേൽനോട്ടത്തിലാരംഭിച്ച ഈ വിദ്യാലയത്തിൽ വിദൂര ദേശങ്ങളിൽ നിന്നു പോലും കുട്ടികളെത്തിയിരുന്നു. 
മുൻ തൊഴിൽ മന്ത്രി ഗാസി അൽ ഖുസൈബി, പെട്രോളിയം വകുപ്പ് മന്ത്രിയായിരുന്ന അലി അൽ നഈമി, മക്ക ഗവർണർ ഖാലിദ് ബിൻ ഫൈസൽ രാജകുമാരൻ തുടങ്ങിയവരൊക്കെ ഈ സ്‌കൂളിന്റെ സംഭാവനകളാണ്.
ഈ വിദ്യാലയം രാജ്യത്തിനും പ്രദേശത്തിനും നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഇന്ന് സാംസ്‌കാരിക ഭവനം (ബൈത്തുസ്സഖാഫ) എന്നാണറിയപ്പെടുന്നത്. 2012 ഡിസംബറിലാണ് സൗദി ടൂറിസം, ദേശീയ പൈതൃക കമ്മീഷൻ പ്രസിഡന്റ് സുൽത്താൻ ബിൻ സൽമാൻ  രാജകുമാരൻ ഈ സ്‌കൂൾ സാംസ്‌കാരിക ഭവനമായി പ്രഖ്യാപിച്ചത്.
പുരോഗതിയുടെ നാഴികയിൽ ഇന്നലെകളെ ഉൾക്കൊണ്ടു കൊണ്ടാണ് ഹസ ആർട്‌സ് ആന്റ് കൾച്ചറൽ അസോസിയേഷനിലെ യുവതീ യുവാക്കൾ വർണചിത്രങ്ങൾ വരച്ചൊരുക്കുന്നത്. പർദയോ മുഖാവരണമോ തടസ്സമാകാതെ രാത്രി വൈകിയും ചുമർഛായ ചിത്രലോകത്ത് യുവതികൾ സജീവമായിരിക്കുന്നത് ഇതിനോടകം തന്നെ ജനശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.
ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ പടയോട്ടം, വിഷൻ 2030 ന്റെ  പശ്ചാത്തലത്തിൽ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ചിത്രങ്ങൾ, പഴയ അധ്യയന കാല സ്മരണ, ഗ്രാമീണ ജീവിത കാഴ്ചകൾ, പത്തേമാരി തുടങ്ങി നിരവധി പൈതൃക ചിത്രങ്ങൾ ഇവിടെ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു.
ഹുഫൂഫ് ലേഡീസ് മാർക്കറ്റിനടുത്തുള്ള ഏറ്റവും വലിയ ജുമാ മസ്ജിദായ തുർക്കി മസ്ജിദിനു തൊട്ടുമുന്നിലെ ചുമരിൽ രൂപപ്പെടുന്ന  ചിത്രങ്ങൾ അൽഹസയുടെ വളർച്ച സാക്ഷ്യപ്പെടുത്തുന്നു.


 

Latest News