കോടതി മുറുകിയപ്പോള്‍ സമരക്കാര്‍ അയഞ്ഞു; ട്രാന്‍സ്‌പോര്‍ട്ട് സമരമില്ല

തിരുവനന്തപുരം- കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍മൂലമാണ് സമരം പിന്‍വലിച്ച് യൂണിയനുകള്‍ക്ക് പിന്‍വാങ്ങേണ്ടി വന്നത്. ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സമരം പിന്‍വലിച്ചത്.
 രാവിലെ കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിയുമായി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജപ്പെടുകയായിരുന്നു. തുടര്‍ന്ന് അനിശ്ചിതകാല പണിമുടക്കില്‍ മാറ്റമില്ലെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. സമരം ഏതാണ്ട് ഉറപ്പിച്ചാണ് യൂണിയനുകള്‍ മുന്നോട്ടുപോയത്. ഉച്ചയോടെ അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തൊഴിലാളികള്‍ക്ക് ഹൈക്കോടതി നിര്‍ദേശവും നല്‍കി.
സമരം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വഷളാക്കുമെന്നും എല്ലാവരെയും ദോഷകരമായി ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അനുരജ്ഞന ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ എന്തിന് പണിമുടക്കെന്ന് കോടതി ചോദിച്ചു. അനാവശ്യ സമരങ്ങള്‍ നിയമവിരുദ്ധമാണെന്നും നിയമപരമായ പരിഹാരം തേടാമെന്നിരിക്കെ എന്തിനാണ് ജീവനക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ച് സമരം നടത്തുന്നനെന്തിനും കോടതി ചോദിച്ചു. ജീവനക്കാരുടെ അവസാനത്തെ ആയുധമായ സമരമാര്‍ഗം എന്തിന് നേരത്തെ എടുത്തുവെന്നും കോടതി ചോദിച്ചു. ജീവനക്കാരുടെ ചില ആവശ്യങ്ങള്‍ അംഗീകരിച്ചുവെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

 

Latest News